

ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന പുതിയ ആദായനികുതി നിയമങ്ങള്‍ ശമ്പളക്കാരായ ജീവനക്കാരെ പല രീതിയിലും ബാധിക്കും. കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് മേല്‍ നികുതി കണക്കാക്കുന്ന രീതിയിലാണ് പ്രധാന മാറ്റങ്ങള്‍ വന്നിരിക്കുന്നത്. നിങ്ങളുടെ കമ്പനിയുടെ ഒരു വലിയ കാര്‍ സ്വന്തം ആവശ്യത്തിനും കൂടി ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിന്റെ നികുതി പ്രതിമാസം 2,400 രൂപയില്‍നിന്ന് 7,000 രൂപയായി ഉയരും. കമ്പനി ഡ്രൈവറെ കൂടി നല്‍കുന്നുണ്ടെങ്കില്‍ അത് 900 രൂപയില്‍നിന്ന് 3,000 രൂപയായും വര്‍ധിക്കും. ഒരു സീനിയര്‍ ഉദ്യോഗസ്ഥന്റെ നികുതി നല്‍കേണ്ട വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 1.2 ലക്ഷം രൂപയുടെ വര്‍ധന ഇതിലൂടെ മാത്രം ഉണ്ടായേക്കാം.

കമ്പനിയില്‍നിന്ന് പലിശയില്ലാത്ത വായ്പകള്‍ എടുക്കുന്നവര്‍ക്ക് പുതിയ നിയമം ഗുണകരമാണ്. മുമ്പ് 20,000 രൂപ വരെയുള്ള വായ്പകള്‍ക്കായിരുന്നു നികുതി ഇളവ് ഉണ്ടായിരുന്നത്. ഇനി മുതല്‍ അത് 2 ലക്ഷം രൂപ വരെയായി വര്‍ധിക്കും. 2 ലക്ഷം രൂപ വരെ കമ്പനിയില്‍ നിന്ന് പലിശയില്ലാതെ അഡ്വാന്‍സ് വാങ്ങിയാല്‍ അതിന് നികുതി നല്‍കേണ്ടി വരില്ല.
സോഡെക്‌സോ പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും. ഒരു നേരത്തെ ഭക്ഷണത്തിന് നികുതിയില്ലാത്ത തുക 50 രൂപയില്‍നിന്ന് 200 രൂപയായി ഉയര്‍ത്തി. ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണ വൗച്ചര്‍ ലഭിക്കുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയിലധികം നികുതിയില്ലാത്ത ആനുകൂല്യമായി കൈപ്പറ്റാം. കമ്പനികളില്‍നിന്ന് ലഭിക്കുന്ന വൗച്ചറുകള്‍ക്കും സമ്മാനങ്ങള്‍ക്കും ഇളവ് കൂട്ടി. വാര്‍ഷിക പരിധി 5,000 രൂപയില്‍നിന്ന് 15,000 രൂപയായി ഉയര്‍ത്തി. 15,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് ഇനി നികുതി നല്‍കേണ്ടതില്ല.
നിങ്ങള്‍ കമ്പനി വക വലിയ കാറുകളും ഡ്രൈവറെയും ഉപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ നികുതി കൂടും. എന്നാല്‍ കമ്പനിയില്‍ നിന്ന് ചെറിയ ലോണുകള്‍ എടുക്കുന്നവര്‍ക്കും ഭക്ഷണ വൗച്ചറുകള്‍ വാങ്ങുന്നവര്‍ക്കും പുതിയ മാറ്റങ്ങള്‍ വലിയ ആശ്വാസം നല്‍കും. പണപ്പെരുപ്പത്തിന് അനുസരിച്ച് പഴയ നിയമങ്ങള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചു എന്നതാണ് ഇതിന്റെ സാരം.
Content Highlights: Using company car for personal use? Income Tax Rules 2026 may increase your tax; here’s how