

ഗുവാഹത്തി: അസമിൽ അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിൽ
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നീക്കം ആദിവാസികളുടെയും മറ്റ് ഗോത്രവർഗങ്ങളുടെയും അവകാശത്തെ ബാധിക്കില്ലെന്നും ഹിമന്ത പറഞ്ഞു. പ്രകടന പത്രിക പുറത്തിറക്കിയാണ് ഹിമന്തയുടെ പ്രതികരണം. ഏപ്രിൽ ഒൻപതിനാണ് അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലൗ ജിഹാദിനും ലാൻഡ് ജിഹാദിനും എതിരെ കർശനമായ നിയമം കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു. അനധികൃത കുടിയേറ്റം തടയാനും 24മണിക്കൂറിനുള്ളിൽ വിദേശികളെ ഇവിടെ നിന്നും പുറത്താക്കാനും ഡിസ്ട്രിക്ക്റ്റ് കമ്മീഷണർമാർക്ക് അധികാരം നൽകുന്ന നടപടികൾ സ്വീകരിക്കും. വനമേഖലകളും മറ്റ് പ്രദേശങ്ങളും കയ്യേറാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. രാജ്യത്തെ ഒരിഞ്ച് സ്ഥലം പോലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പിടിയിലാവാതെ നോക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ബംഗ്ലാദേശ് നിലനിൽക്കുന്നയിടത്തോളം കാലം നുഴഞ്ഞുകയറ്റക്കാർ വന്നുകൊണ്ടേയിരിക്കും. അതിനെതിരെ നമുക്ക് പോരാടിയേ കഴിയൂ. ഇവരെ തിരിച്ചയ്ക്കുന്നതോടെ പ്രശ്‌നം പൂർണമായും തീർന്നുവെന്ന് പറയാൻ കഴിയില്ല. ഇന്ത്യയും ബംഗ്ലാദേശും അയൽക്കാരായി തുടരുന്നിടത്തോളം ഇത് തുടർന്നുകൊണ്ടേയിരിക്കും. അതിനെതിരെ പോരാടിയേ തീരൂ എന്നും ഹിമന്ത കൂട്ടിച്ചേർത്തു.
Content Highlights: Assam CM Himanta Biswa Sarma says the Uniform Civil Code will be implemented within three months if his government returns to power