

വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ യുഎഇയും ഏതോപ്യയും. ഇതിന്റെ ഭാഗമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ (FNC) പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതി അധ്യക്ഷൻ ഡോ. അലി റാഷിദ് അൽ നുഐമി, എത്യോപ്യൻ അംബാസഡർ ജമാൽ ബെക്കർ അബ്ദുള്ളയുമായി തിങ്കളാഴ്ച അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും എത്യോപ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം, പ്രാദേശികമായ പ്രധാന സംഭവവികാസങ്ങൾ എന്നിവ യോഗം വിലയിരുത്തി.
യുഎഇയുടെ വിവേകപൂർണ്ണമായ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി സുരക്ഷ സംരക്ഷിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇ ഏജൻസികൾ പ്രകടിപ്പിക്കുന്ന കാര്യക്ഷമതയെയും അത്യാധുനിക പ്രതിരോധ ശേഷിയെയും യോഗം അഭിനന്ദിച്ചു.
യുഎഇയുമായുള്ള ആഴത്തിലുള്ള സഹകരണത്തിലും പങ്കാളിത്തത്തിലും എത്യോപ്യൻ അംബാസഡർ തന്റെ രാജ്യത്തിന്റെ നന്ദി അറിയിച്ചു. പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിൽ യുഎഇ സ്വീകരിക്കുന്ന ഉറച്ച നിലപാടുകളെയും അദ്ദേഹം പ്രശംസിച്ചു. യുഎഇയുടെ പരമാധികാരത്തിനോ സുരക്ഷയ്ക്കോ പ്രാദേശിക അഖണ്ഡതയ്ക്കോ എതിരെയുള്ള ഏത് ഭീഷണിക്കെതിരെയും എത്യോപ്യ യുഎഇയോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: