

ന്യൂഡൽഹി: കേരളത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദേശം. 'ടീം യുഡിഎഫ് എന്നാൽ ടീം കേരളം' എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്. 'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന ഇലക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറായി നിൽക്കുകയാണ്. ജനങ്ങളെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പോസ്റ്റിൽ കുറിച്ചു.
'യുഡിഎഫ് സ്ഥാനാർത്ഥികൾ ജനാഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന യുവാക്കളുടെയും ടീമുമായാണ് യുഡിഎഫ് എത്തുന്നത്. അവർ നിയോജകമണ്ഡലത്തിന്റെ ഓരോ ഉൾതുടിപ്പുകളും അറിയുന്നവരാണ്.
കേരളം എന്റെ വീടാണ്, ഇവിടെയുള്ള ഓരോരുത്തരും എന്റെ കുടുംബാംഗങ്ങളാണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും നൽകിയ പാഠങ്ങൾക്കും ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു,' രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Team UDF is Team Keralam.
— Rahul Gandhi (@RahulGandhi) March 20, 2026
Each candidate reflects the voice, the aspirations and the trust of the people of Keralam. This is a collective of experienced leaders and young change-makers - a strong team of men and women who understand the intricacies of the constituencies they… pic.twitter.com/P8WeZAkHaT
ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത്. നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും അനുനയനീക്കങ്ങൾക്കും ഒടുവിലാണ് പട്ടിക പൂർത്തിയാക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സ്വാഭാവികമായി എടുക്കുന്ന സമയമേ എടുത്തിട്ടുള്ളു എന്നും വൈകിയിട്ടില്ല എന്നുമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം.
മാർച്ച് 23 തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഏപ്രിൽ 9നാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിന് ഫലപ്രഖ്യാപനം വരും. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കം താരപ്രചാരകരെല്ലാം രംഗത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Rahul Gandhi shares post on X about UDF election campaign in Kerala