

തലസ്ഥാനമായ സന തിരിച്ചുപിടിക്കാന്‍ ഹൂതി വിമതര്‍ക്കെതിരെ 'തന്ത്രപരമായ' ആക്രമണം ആരംഭിച്ചതായി യമന്‍ സൈന്യം. യമന്‍ സേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മജിദ് അല്‍ നുസൈലിയാണ് ഇക്കാര്യം എക്‌സിലൂടെ വ്യക്തമാക്കിയത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് മജീദ് അല്‍ നുസൈലി വ്യക്തമാക്കി. യമന്റെ മൂന്ന് ഭാഗത്ത് നിന്നും സൈന്യം ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സനയിലേക്ക് കഴിഞ്ഞ ദിവസവും യമന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സനയിലേക്ക് 257 ആക്രമണങ്ങള്‍ നടത്തിയെന്നും 700ലധികം ഹൂതി വിമതരെ വധിച്ചെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആര്‍ട്ടിലറികളും റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. നേരത്തെ തായിസ് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ സര്‍ക്കാര്‍ സേന തകര്‍ക്കുകയും, ഹൂതികള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.
ഗവര്‍ണറേറ്റിലെ വിവിധ മേഖലകളില്‍ ഹൂതികളുടെ താവളങ്ങള്‍, ശക്തികേന്ദ്രങ്ങള്‍, വിതരണ പാതകള്‍ എന്നിവ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ആക്രമണമുണ്ടായത്. ഹൂതികള്‍ തായിസ് നഗരത്തിന്റെ ഗ്രാമീണ മേഖലകള്‍ പിടിച്ചെടുത്ത് തെക്കുഭാഗത്ത് നിന്ന് നഗരത്തെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ലാഹിജ്, ഏദന്‍ എന്നിവിടങ്ങളിലേക്കുള്ള സ്വതന്ത്ര യെമന്‍ പ്രദേശങ്ങളില്‍ നിന്ന് അതിനെ ഒറ്റപ്പെടുത്താനും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ശ്രമം തുടരുന്നു.
ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ച സേനകളും തമ്മിലുള്ള സംഘര്‍ഷം 2022-ലെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഏറെക്കുറെ നിലച്ചിരുന്നു. എന്നാല്‍, ഇറാനും അമേരിക്കയും തമ്മിലുള്ള വിശാലമായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വീണ്ടും പോരാട്ടം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ജൂലൈയില്‍ സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിക്കുകയും സൗദി പ്രദേശങ്ങളിലും കപ്പലുകള്‍ക്ക് നേരെയും ആക്രമണം ആരംഭിക്കുകയും ചെയ്തതോടെയാണ് ഈ വര്‍ഷം നീക്കങ്ങള്‍ പുനരാരംഭിച്ചത്. ഇതോടൊപ്പം യെമന്റെ ചെങ്കടല്‍ തീരത്ത് ഹൂതി സേന തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്, യെമനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയും ഹൂതികളെ തുരത്താന്‍ പോരാടുന്ന സര്‍ക്കാര്‍ സേനയെ പിന്തുണച്ചും സൗദി അറേബ്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
Content Highlights: Yemen's military has announced a strategic offensive against Houthi rebels aimed at retaking the capital, Sanaa