

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങളും സംഘടനാ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. യുഡിഎഫിലെ കൂടിയാലോചനയുമായി ബന്ധപ്പെട്ട് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗവും നടക്കും. സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കവും അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളും ചര്‍ച്ചയാവും. യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന് അടൂര്‍ പ്രകാശ് വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രത്യേകിച്ച് ബോര്‍ഡ് കോര്‍പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആരോപണം.
'യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു', എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ സഘര്‍ഷമില്ല. അത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പറഞ്ഞതിനപ്പുറം ഒന്നും പറയാന്‍ ഇല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെ വേണമായിരുന്നു തീരുമാനം എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.
കണ്‍വീനര്‍ എന്ന നിലയില്‍ തന്നെ നോക്കുകുത്തിയാക്കുകയാണെന്നാണ് അടൂര്‍ പ്രകാശ് മല്ലികാര്‍ജുന്‍ ഖര്‍ഗേയോട് പരാതിപ്പെട്ടത്. ഇന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ പടലപിണക്കം ഭരണപ്രതിസന്ധിയിലേക്ക് എത്തിച്ചേക്കുമെന്ന മുതിര്‍ന്ന നേതാക്കളുടെ ആശങ്കയിലാണ് ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: V D Satheesan will visit Delhi for the GST Council meeting and meet Rahul Gandhi, with ongoing disputes within the Kerala Congress and Adoor Prakash’s criticism of UDF consultations expected to come up for discussion