

ചെന്നൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വിവരം കൂടി പുറത്തുവരുന്നത്.
ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്. വിവിധ പാർട്ടികൾ തങ്ങളുമായി സഖ്യത്തിലെത്താൻ സമീപിക്കുന്നുണ്ടെന്നും അത് പോസ്റ്റീവായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ഗിരിഷ് ചോധൻകർ പറഞ്ഞു.
ഡിഎംകെ- കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഡിഎംകെയുമായി മാന്യമായ ധാരണ ഉണ്ടാകാത്ത പക്ഷം ടിവികെ പക്ഷത്തിനൊപ്പം നീങ്ങാനാണ് കോൺഗ്രസിന്റെ കരുനീക്കം.
Content Highlights: Congress has invited Vijay, chief of Tamilaga Vettri Kazhagam, to campaign in Kerala for the upcoming elections