കുട്ടിക്കാലം മുതലുള്ള പ്രണയം,ജാതിയുടെ പേരിൽ വിവാഹത്തെ എതിർത്ത് കാമുകിയുടെ കുടുംബം; ജീവനൊടുക്കിയതോ കൊലയോ?

കാറില്‍ വെടിവെച്ച് മരിച്ച നിലയിലായിരുന്നു യുവതിയുടെയും യുവാവിന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുട്ടിക്കാലം മുതലുള്ള പ്രണയം,ജാതിയുടെ പേരിൽ വിവാഹത്തെ എതിർത്ത് കാമുകിയുടെ കുടുംബം; ജീവനൊടുക്കിയതോ കൊലയോ?
dot image

നോയിഡ: വാലന്റൈൻസ് ദിനത്തിൽ കാറിനുള്ളിൽ യുവാവിനെയും യുവതിയെയും വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറിച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ കൂടുതൽ പരിശോധനകളും അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിക്കുന്നു. നോയിഡ സെക്ടർ 107ലെ ദാദ്രി റോഡിലാണ് ഫെബ്രുവരി 14ന് രാവിലെ തലയിൽ വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

കൊല്ലപ്പെട്ട 26കാരിയായ രേഖയെയും 32കാരനായ സുമിത്തിനെയും കുറിച്ച് കൂടുതൽ വിവരങ്ങൾ വിവിധ സ്രോതസുകളിൽ നിന്നും പുറത്തുവരുന്നുണ്ട്. രേഖയും സുമിതും കുട്ടിക്കാലും തൊട്ട് അറിയുന്നവരാണെന്നും ദീർഘനാളായി പ്രണയത്തിലാണ് എന്നുമാണ് പൊലീസ് പറയുന്നത്. രേഖയുടെ വിവാഹം മറ്റൊരാളുമായി കുടുംബക്കാർ ഉറപ്പിച്ചിരുന്നു. ഇതാണ് മരണങ്ങളിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഒരു വർഷം മുൻപ് സുമിത് രേഖയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ സുമിത് മറ്റൊരു ജാതിയായതിനാൽ രേഖയുടെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. രേഖയോട് ഈ ബന്ധത്തിൽ നിന്ന് പിന്മാറാന്‍ തങ്ങൾ ആവശ്യപ്പെട്ടുവെന്നും കുടുംബം പറയുന്നുണ്ട്. രേഖ സുമിത്തുമായി ബന്ധം പുലർത്തിയിരുന്നില്ല എന്നാണ് കരുതിയിരുന്നതെന്നും ഇവർ പറയുന്നു.

ജാതിയുടെ പേരിൽ രേഖയുടെ കുടുംബം സുമിത്തിനെ ഏറെ അധിക്ഷേപിച്ചിരുന്നു എന്ന് സുമിതിന്റെ കുടുംബം പറയുന്നു. എന്നാൽ രേഖയുമായി ഒന്നിച്ച് ജീവിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സുമിത് എന്നും ഇവർ പറയുന്നു. രേഖയുടെ കുടുംബത്തിന് ഇവരുടെ മരണത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്ന് സുമിതിന്റെ ബന്ധുക്കൾ പറയുന്നുണ്ട്. രേഖയുടെ വീട്ടിൽ നിന്നും ഏറെ ദൂരയില്ലാതെയാണ് കാറും മൃതദേഹങ്ങളും ലഭിച്ചതെന്നും ഇവർ സംശയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം, സുമിത് വാട്‌സ്ആപ്പിൽ താൻ മരിക്കാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് മെസേജ് അയച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. 'ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ്. രേഖയാണ് എന്റെ മരണത്തിന് ഉത്തരവാദി. 15 വർഷമായി ഞങ്ങൾ പ്രണയബന്ധത്തിലായിരുന്നു. എന്നെ വിവാഹം കഴിക്കുമെന്ന് അവൾ വാക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അവൾ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നു. രേഖ എന്ന ചതിച്ചു. ഞാൻ മരിക്കാൻ പോവുകയാണ്'- എന്നാണ് ഈ മെസേജിൽ ഉള്ളത്.

സുമിതിന്റെയും രേഖയുടെയും മരണം കൊലപാതകമാണോ, ഇരുവരും ചേർന്ന് ജീവനൊടുക്കിയതാണോ എന്നെല്ലാം പൊലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. രേഖയുടെയും സുമിതിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്.

Content Highlights: Noida valentines day deaths, reports say they were in love for 15 years and her family opposed

dot image
To advertise here,contact us
dot image