ഇ ഡി റെയ്ഡ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച: ഇ പി ജയരാജന്‍

കേന്ദ്ര സേനയെ ഉള്‍പ്പെടെ വിന്യസിച്ച് കേന്ദ്ര എജന്‍സി നടത്തിയ ഈ രാഷ്ട്രീയക്കളി മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണോ എന്ന് ഇ പി ചോദിച്ചു

ഇ ഡി റെയ്ഡ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ച: ഇ പി ജയരാജന്‍
dot image

കണ്ണൂര്‍: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്റെ വസതികളില്‍ നടന്ന ഇ ഡി റെയ്ഡുകള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. റെയ്ഡിനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും ഒന്നുമറിയില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ വിന്യസിച്ച് കേന്ദ്ര എജന്‍സി നടത്തിയ ഈ രാഷ്ട്രീയക്കളി മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണോ എന്ന് ഇ പി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണ ഇത്തരം പരിശോധനകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിക്കണം. അതുണ്ടായില്ല എന്നത് നിസാരമായി കാണാനാകില്ല. ഇതിന് പിന്നില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും മാത്രമല്ലെന്നുറപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിനെ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് കോണ്‍ഗ്രസിന്റെ ഒത്താശയോടെയാണ്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം ബിജെപി താലത്തില്‍ വച്ച് കൊടുത്തതും കോണ്‍ഗ്രസാണ്. ഒടുവില്‍ കെജ്‌രിവാള്‍ നിരപരാധിയെന്ന് കോടതി കണ്ടെത്തി. കേരളത്തിലും ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇത്തവണയും അത് കണ്ടു. അതിന്റെയെല്ലാം പ്രതിഫലനമായി മാത്രമേ ഇതിനെയും കാണാനാകുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടക വീട്ടിലും പിണറായിയിലെ വീട്ടിലും ഉള്‍പ്പെടെ ഇ ഡി നടത്തിയ റെയ്ഡ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പകപോക്കല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. ഇത്തരം വേട്ടയാടലുകളിലൂടെ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്.

ഈ റെയ്ഡിനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും പോലീസിനും ഒന്നുമറിയില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ വിന്യസിച്ച് കേന്ദ്ര എജന്‍സി നടത്തിയ ഈ രാഷ്ട്രീയക്കളി മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണൊ.സതീശന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിക്കുന്നതിനിടയിലാണല്ലൊ റെയ്ഡ് നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പോലും അറിയാതെ കേന്ദ്ര സേനയെ ഇറക്കിയതിലൂടെ അരാജകത്വമാണ് സൃഷ്ടിച്ചത്. എന്നിട്ടും ഈ റെയ്ഡിനെ എന്തുകൊണ്ട് ആഭ്യന്തര മന്ത്രി അപലപിച്ചില്ല. സാധാരണ ഇത്തരം പരിശോധന സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിക്കണം. അതുണ്ടായില്ല എന്നത് നിസ്സാരമായി കാണാനാകില്ല. ഇതിന് പിന്നില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും മാത്രമല്ലെന്നുറപ്പാണ്.

പിണറായി വിജയനെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ എന്ന പോലെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദിച്ചത്. ബിജെപി-സിപിഐ എം ഡീല്‍ ആണെന്ന് വരെ ആരോപിച്ചു. എന്നാല്‍ ഇന്ന് കണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന ചട്ടുകമായ ഇ ഡിയുടെ രാഷ്ട്രീയ നാടകം ആണ്. ഒരു നോട്ടീസ് പോലും നല്‍കാതെ നടത്തിയ റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കൂടി രാഷ്ട്രീയക്കളി പരിശോധിക്കേണ്ടതാണ്. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌റിവാളിനെ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് കോണ്‍ഗ്രസിന്റെ ഒത്താശയോടെയാണ്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണം ബിജെപി താലത്തില്‍ വച്ച് കൊടുത്തതും കോണ്‍ഗ്രസ് തന്നെ. ഒടുവില്‍ കെജ്‌റിവാള്‍ നിരപരാധിയെന്ന് കോടതി കണ്ടെത്തി.


കേരളത്തിലും ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇത്തവണയും അത് കണ്ടു. അതിന്റെയെല്ലാം പ്രതിഫലനമായി മാത്രമേ ഇതിനെയും കാണാനാകൂ.ഇത്തരം രാഷ്ട്രീയ വേട്ടയാടലുകളില്‍ തളരുന്നയാളല്ല പിണറായി വിജയന്‍. സംശുദ്ധ പൊതുജീവിതത്തിന്റെ ഉദാത്തമായ മാതൃകയായ സഖാവ് ഇത്തരം ഓലപ്പാമ്പുകളെ നെഞ്ചുവിരിച്ച് തന്നെ നേരിട്ടാണ് ഇതുവരെയും പ്രവര്‍ത്തിച്ചതും ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നതും. സകലമാന സിപിഐ എം വിരുദ്ധരും കെട്ടിപ്പൊക്കി കൊണ്ടുവന്നതാണല്ലൊ ലാവ്‌ലിന്‍ കേസ്. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് സകല തന്ത്രങ്ങളും പയറ്റിയിട്ടും ഒന്നും സാധിച്ചില്ല.

ഒടുവില്‍ സിബിഐക്ക് വിട്ടു. അവര്‍ ഒരു നുണക്കഥ സൃഷ്ടിച്ച് കേസ് ആക്കി. വിചാരണക്കോടതിയും ഹൈക്കോടതിയും വലിച്ചെറിഞ്ഞ ആ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ ഫയല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. ഒരു വാദവും ഉന്നയിക്കാനില്ലാതെ സിബിഐ അവിടെ നട്ടം തിരിയുകയാണ്. സിഎംആര്‍ എല്‍എക്‌സാലോജിക് കേസും അങ്ങനെ പൊളിഞ്ഞതാണെങ്കിലും വേട്ടയാടല്‍ തുടരുകയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുക തന്നെ ചെയ്യും.

Content Highlights: EP Jayarajan said the ED raid was a continuation of revenge politics by the BJP and Congress

dot image
To advertise here,contact us
dot image