ED സംഘത്തിന് നേരെയുണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് FIR; കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്

മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു

ED സംഘത്തിന് നേരെയുണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് FIR; കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആർ. വധശ്രമം, ഗുരുതര ലഹളയുണ്ടാക്കല്‍, രണ്ട് സംഘങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, അനധികൃതമായി തടഞ്ഞുവെയ്ക്കല്‍, പരസ്യമായി അസഭ്യം പറയല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുസേവകനെ ആക്രമിക്കല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതരമായ പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 'ഇവന്മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു. വടി, കല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ പൊലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം ഉണ്ടായി. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സംഭവത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍ എന്നിവരാണ് അറസ്റ്റിലായത്.

റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഗുരുതരമായ വീഴചയുണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംഭവത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നാണ് വിവരം. എന്നാൽ പിണറായി വിജയന്റെ വസതിയിലും മറ്റ് കേന്ദ്രങ്ങളിലും ഇ ഡി റെയ്ഡ് നടക്കുമെന്ന ഒരു വിവരവും കേരള പൊലീസിന് ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ പിണറായിലും കോഴിക്കോടുമടക്കം ആളുകള്‍ തടിച്ച് കൂടിയതിന് പിന്നാലെ പൊലീസ് ക്രമസമാധാനം നിലനിര്‍ത്താന്‍ സ്വമേധയാ എത്തുകയായിരുന്നു. അതേസമയം തിരുവനന്തപുരത്ത് ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. ബോധപൂര്‍വം അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. അക്രമം നടത്തിയ ആളുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Content Highlights: The FIR registered in connection with the attack on ED officials in Kerala stated that the accused acted with the intention to kill

dot image
To advertise here,contact us
dot image