വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് ഇറങ്ങിവരും: ടിവികെ സ്ഥാപകദിനത്തില്‍ വിജയ്

തമിഴ് ജനതയുടെ കണ്ണീര്‍ തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു

വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് ഇറങ്ങിവരും: ടിവികെ സ്ഥാപകദിനത്തില്‍ വിജയ്
dot image

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്ന് നടന്‍ വിജയ്. തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തൻ്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ലെന്നും വിജയ് പറഞ്ഞു. വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര്‍ തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു. ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'1977-ല്‍ എംജിആര്‍ ഒരു അഭിമുഖം കൊടുത്തു. അതില്‍ പറഞ്ഞത് അണ്ണാ ഇരുന്ന സ്ഥലത്ത് ഇങ്ങനെയുളളവര്‍ ഇരിക്കുന്നതോര്‍ത്ത് ഞാന്‍ കരഞ്ഞു. ആ കണ്ണീര്‍ തുടയ്ക്കാന്‍ ഞാന്‍ ആരംഭിച്ചതാണ് എഐഎഡിഎംകെ എന്നാണ്. അതുപോലെ 2017-നും 2021-നും ശേഷം തമിഴ്‌നാടിനെക്കുറിച്ചോര്‍ത്ത് തമിഴ് ജനത കരഞ്ഞു. ആ കണ്ണീര്‍ തുടയ്ക്കാന്‍ ആരംഭിച്ചതാണ് തമിഴക വെട്രി കഴകം. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങൂ എന്ന് പറയുന്നവര്‍ കാണും, വോട്ടെടുപ്പ് ദിവസം ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരും. എന്തിനാണ് വിജയ്‌യെ വിളിച്ചതെന്ന് ഓര്‍ത്ത് അവര്‍ പശ്ചാത്തപിക്കും. തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്. അതെങ്ങനെ ഉണ്ടാവും എന്ന് ചോദിച്ചാല്‍, വിസില്‍ ചിഹ്നം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ടിവികെ ഉണ്ട്. എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. നമ്മള്‍ രക്തബന്ധമാണെന്ന് കരുതുന്ന ജനങ്ങളെ എത്ര പണംകൊടുത്തും വാങ്ങാന്‍ പറ്റില്ല. ടിവികെ മാത്രമാണ് ജനങ്ങളുടെ ഏക ഓപ്ഷന്‍': വിജയ് പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും വിജയ് പറഞ്ഞു. 'എല്ലാ പ്രലോഭനങ്ങളെയും വെല്ലുവിളിക്കാന്‍ സാധിക്കുന്ന ആഴക്കടലാണ് ടിവികെ. അതിന്റെ സന്തുലിതാവസ്ഥയില്‍ മാറ്റം വരില്ല. ആര്‍ക്കും നിഷേധിക്കാനാവാത്ത വിശാലതയാണ് ടിവികെ. എല്ലാ ലക്ഷ്യങ്ങളെയും സമര്‍പ്പണത്തോടെ കീഴടക്കുന്ന ടിവികെ സാധാരണക്കാര്‍ക്കുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്': വിജയ് പറഞ്ഞു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇതുവരെ കാണാത്ത അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്‍ ഐക്യത്തോടെ പോരാടാമെന്നും സിംഹാസനം ഏറ്റെടുക്കുകയെന്ന ജനാധിപത്യ ലക്ഷ്യം നേടിയെടുക്കാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Content Highlights: On polling day, a Vijay will emerge from every house in Tamil Nadu: Vijay on TVK's foundation day

dot image
To advertise here,contact us
dot image