9 ബജറ്റ്, 9 സാരികള്‍: ഇത്തവണ കട്ടം കാഞ്ചീപുരം സാരി; നിർമ്മല സീതാരാമന്‍റെ സാരി നല്‍കുന്ന സൂചനകള്‍

2019 ലെ തന്‍റെ ആദ്യ ബജറ്റ് അവതരണത്തിനായി ആന്ധ്രപ്രദേശില്‍ നിന്നുള്ള പിങ്ക മംഗള്‍ഗിരി സാരിയായിരുന്നു നിർമ്മല ധരിച്ചത്

9 ബജറ്റ്, 9 സാരികള്‍: ഇത്തവണ കട്ടം കാഞ്ചീപുരം സാരി; നിർമ്മല സീതാരാമന്‍റെ സാരി നല്‍കുന്ന സൂചനകള്‍
dot image

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്‍റെ മൂന്നാം ബജറ്റ് അവതരണത്തിന് 11 മണിക്ക് പാർലമെന്റില്‍ തുടക്കമാകും. തുടർച്ചയായി ഒന്‍പത് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ചരിത്ര നേട്ടം ഇന്നത്തെ ബജറ്റ് അവതരണത്തോടെ നിർമ്മല സീതാരാമന്‍ സ്വന്തമാക്കും. ആദ്യമായി പൊതുഅവധി ദിവസമായ ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.

പർപ്പിള്‍ നിറത്തിലുള്ള കട്ടം (കള്ളി) കാഞ്ചീപുരം സാരി അണിഞ്ഞാണ് നിർമ്മല സീതാരാമന്‍ ഇത്തവണ ബജറ്റ് അവതരണത്തിനായി എത്തിയിരിക്കുന്നത്. കോഫി ബ്രൗൺ കസവും സാരിയുടെ ഭംഗി വർധിപ്പിക്കുന്നു. കഴിഞ്ഞ എട്ട് തവണയും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി സാരികളായിരുന്നു ബജറ്റ് അവതരണ ദിനത്തില്‍ നിർമ്മല സീതാരാമന്‍ ധരിച്ചിരുന്നത്. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല.

2019 ലെ തന്‍റെ ആദ്യ ബജറ്റ് അവതരണത്തിനായി ആന്ധ്രപ്രദേശില്‍ നിന്നുള്ള പിങ്ക മംഗള്‍ഗിരി സാരിയായിരുന്നു നിർമ്മല ധരിച്ചത്. 2020 ല്‍ മഞ്ഞ സിൽക്ക്, 2021 ല്‍ തെലങ്കാനയില്‍ നിന്നുള്ള പല നിറങ്ങളിലെ പോച്ചപുളളി ഇകത്, 2022 ല്‍ ബ്രൗൺ ബോംകൈ (ഒഡീഷ), 2023 ല്‍ ചുവപ്പ് സിൽക്ക്, 2024 ഫെബ്രുവരിയില്‍ പശ്ചിമബം​ഗാളില്‍ നിന്നുള്ള നീല ടസാർ സിൽക്ക്, 2024 ജുലൈയില്‍ ആന്ധ്രയില്‍ നിന്നുള്ള വെള്ള മംഗള്‍വാരി, 2025 ല്‍ ബിഹാറില്‍ നിന്നുള്ള മധുബനി ചിത്രപ്പണികളോട് കൂടിയ വെള്ള കൈത്തറി എന്നിങ്ങനെയായിരുന്നു നിർമ്മല സീതാരാമന്‍ ബജറ്റ് ദിനത്തില്‍ ധരിച്ച സാരികള്‍.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ദേശീയ ഐക്യം വളർത്തുകയും രാജ്യത്തിന്‍റെ തുണിത്തരങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സന്ദേശമായിട്ടാണ് ധനമന്ത്രിയൂടെ ഈ സാരി തെരഞ്ഞെടുപ്പിനെ പലരും എടുത്തുകാട്ടാറുള്ളത്. അതേസമയം തന്നെ രാഷ്ട്രീയ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ ആ സാരി വന്ന സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന ലഭിക്കുന്നത് കാണാന്‍ സാധിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായതിനാല്‍ ഇത്തവണ തമിഴ്നാടിന് വലിയ പരിഗണന ലഭിക്കാന്‍ പോകുന്നതിന്‍റെ സൂചനയാണോ ഇതെന്ന ചർച്ചളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

അതേസമയം, കഴിഞ്ഞ ദിവസം 2026 ലെ സാമ്പത്തിക സർവേ സർക്കാർ പുറത്തിറക്കിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനവും FY27 ൽ 6.8-7.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. നിയന്ത്രണ പരിഷ്കാരങ്ങൾ, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനായുള്ള എന്നിവയാണ് ഈ നേട്ടത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: Budget Day Tradition Continues: Nirmala Sitharaman Chooses Kattam Kanchipuram Saree

dot image
To advertise here,contact us
dot image