

ദുബായ്: ഫെബ്രുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകളിൽ കുറവ് വരുത്തി യുഎഇ. ഇന്ധന വില നിർണയ സമിതി പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജനുവരി മാസത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ വിഭാഗങ്ങളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പെട്രോൾ വിഭാഗങ്ങളിൽ സൂപ്പർ 98-ന് 8 ഫിൽസിന്റെ കുറവാണുണ്ടായത്. ഒരു ലിറ്ററിന് 2.45 ദിർഹമാണ് പുതിയ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 61.16 ആണ് വില. ഇന്ത്യയില്‍ സൂപ്പർ പെട്രോളിന് ലിറ്ററിന് ശരാശരി 105 രൂപയാണ് നല്‍കേണ്ടത്. ഇറക്കുമതി ചെലവും നികുതി നിരക്കുമാണ് നമ്മുടെ രാജ്യത്തെ വില ഉയർന്നിരിക്കാനുള്ള പ്രധാന കാരണം. ജനുവരിയിലെ വില 2.53 ദിർഹമായിരുന്നു.
ഇ-പ്ലസ് 91-നും 8 ഫിൽസിന്റെ ഇടിവ് പ്രഖ്യാപിച്ചു. 2.26 ദിർഹമായിരിക്കും ഫെബ്രുവരിയിലെ വില (ജനുവരി - 2.34 ദിർഹം). സ്പെഷ്യൽ 95-ന് 9 ഫിൽസിന്റെ കുറവ് രേഖപ്പെടുത്തി, 2.33 ദിർഹമാണ് പുതിയ നിരക്ക് (ജനുവരി - 2.42 ദിർഹം). ഡീസലിന് 3 ഫിൽസിന്റെ ഇടിവോടെ ഒരു ലിറ്ററിന് 2.52 ദിർഹമായിരിക്കും (ജനുവരി - 2.55 ദിർഹം).
നിലവിലെ ഇടിവിന്റെ പ്രധാന കാരണം ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങളാണ്. ജനുവരി മാസത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ചെറിയ വർധനവുണ്ടായെങ്കിലും (ബ്രെന്റ് ക്രൂഡ് 13-14% ഉയർന്നു, ഏകദേശം $69-70 ഡോളറായി), 2026-ലെ മൊത്തം പ്രവണത ഇടിവിന്റേതാണ്. ആഗോള വിതരണം ഡിമാൻഡിനെ മറികടക്കുന്നതും, സാമ്പത്തിക മാന്ദ്യ ആശങ്കകളുമാണ് പ്രധാന കാരണങ്ങള്‍.
യു എ ഇ 2015-ൽ ഇന്ധന വിലകൾ ഡീറഗുലേറ്റ് ചെയ്തതിനുശേഷം, ആഗോള ശരാശരി വിലകളുമായി ബന്ധപ്പെടുത്തിയാണ് പ്രതിമാസം നിരക്കുകൾ ക്രമീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങൾ വിപണിയെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ഒപെക് കുട്ടായ്മ നടത്തിയ ഉൽപ്പാദന വർധനയും യു.എസ് ഉൽപ്പാദന ശേഖരങ്ങളും വിലയിടിവിന് വഴിയൊരുക്കുകയായിരുന്നു.
പുതിയ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ രീതിയില്‍ തന്നെ ആശ്വാസമാകും. ഉദാഹരണത്തിന്, ഒരു 60 ലിറ്റർ ടാങ്ക് നിറയ്ക്കാൻ സൂപ്പർ 98-ന് ജനുവരിയേക്കാൾ 4.80 ദിർഹം കുറവ് വരും. ഡീസൽ വിലയിടിവ് ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളെ പോസിറ്റീവായി ബാധിക്കും. എന്നാൽ, യു.എസ്-ഇറാൻ പിരിമുറുക്കങ്ങൾ, വെനസ്വേലയിലെ പ്രശ്നങ്ങൾ തുടങ്ങിയ ഭൗമരാഷ്ട്രീയ ഘടകങ്ങൾ കാരണം വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2026-ൽ ക്രൂഡ് ഓയിൽ വില ശരാശരി $56-60 ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷ, ഇത് യു.എ.ഇയിലെ ഇന്ധന വിലകളെയും സ്വാധീനിക്കും. ഓരോ മാസാവസാനവും വിലകൾ പുനഃപരിശോധിക്കുന്നതിനാൽ, മാർച്ചിലെ നിരക്കുകളും ആഗോള വിപണി മാറ്റങ്ങളെ ആശ്രയിച്ചാകും നിശ്ചയിക്കുക.
content highlights: UAE announced a reduction in petrol and diesel prices to 2.33 dirhams per liter, providing good news for expatriates living in the country