

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്, വിമർശനവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ. കേന്ദ്ര ബജറ്റ് സമ്പന്നരുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിൻ്റെ വ്യക്തമായ സാക്ഷ്യപത്രമാണെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിൻ്റെ പൊതുവായ സാമ്പത്തിക താത്പര്യങ്ങൾക്കെതിരാണ് ബജറ്റെന്നും പൊളിറ്റ്ബ്യൂറോ ആഞ്ഞടിച്ചു.
ധനമന്ത്രി അവകാശപ്പെടുന്ന ‘ധനപരമായ അച്ചടക്കം’ കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവുകൾ നൽകുന്നതിന് മാത്രമാണെന്ന് പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. തൊഴിലെടുക്കുന്ന ജനവിഭാഗത്തെയാണ് ഇത് ബാധിക്കുന്നത്. നടപ്പ് വർഷത്തെ മൊത്തം വരുമാനം മുൻവർഷത്തെ ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്. വരുമാനത്തിലെ ഇൗ പ്രതിസന്ധി മറികടക്കാൽ ധനമന്ത്രി തയ്യാറായിട്ടില്ല. നികുതി മാറ്റത്തിൻ്റെ ഫലമായി വരുമാനത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. 2025–26ലെ ബജറ്റ് കണക്കിൽ പറയുന്ന അതേ വരുമാനമാണ് 2026–27ലെ വരുമാനമായും പ്രതീക്ഷിക്കുന്നതെന്നും ദേശീയ വരുമാനത്തിൽ വൻ ഇടിവ് സംഭവിക്കുമെന്നും പിബി വ്യക്തമാക്കി.
ധനക്കമ്മി കുറയ്‌ക്കാനായി 2025–26ലും 2026–27ലും ചെലവ് വെട്ടിച്ചുരുക്കുന്നത് കർഷകർക്കും തൊഴിലാളികൾക്കും നേരെയുള്ള കടന്നാക്രമണമായി മാറുകയാണ്. രാഷ്‌ട്രീയ കൃഷി വികാസ് യോജന, പിഎം പോഷൺ, പിഎം ശ്രീ, പിഎം ജെഎവൈ, പിഎം എംഎസ്‌വൈ, പിഎം എംഎവൈ, വിള ഇൻഷ്വറൻസ് പദ്ധതി, പട്ടികജാതി– പട്ടികവർഗ ക്ഷേമ പദ്ധതികൾ, വടക്കുകിഴക്കൻ മേഖല പദ്ധതികൾ തുടങ്ങിയവയുടെ വിഹിതം കുറയ്ക്കുകയാണ്. കാർഷിക–അനുബന്ധ മേഖലകൾ, ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലും പദ്ധതിവിഹിതം വെട്ടിചുരുക്കിയെന്നും പിബി കുറ്റപ്പെടുത്തി.
ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ മോദിസർക്കാർ അടിച്ചമർത്തുകയാണെന്നും സ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ 2025–26ൽ ബജറ്റ് കണക്കിനെക്കാൾ 59,456 കോടി രൂപയുടെ കുറവുണ്ടായെന്നും പിബി ചൂണ്ടിക്കാട്ടി. ജിഎസ്‌ടി വരുമാനം പ്രതീക്ഷിച്ച തോതിൽ നടപ്പാകാതെയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യക സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും സംസ്ഥാനങ്ങളെ കേന്ദ്രം വേട്ടയാടുകയാണെന്നും പിബി ആരോപിച്ചു.
‘സ്ഥിരത, സാമ്പത്തിക അച്ചടക്കം, സന്തുലിത വളർച്ച, മിതമായ പണപ്പെരുപ്പം’ എന്നിവയാണ് ബജറ്റിൻ്റെ ലക്ഷ്യങ്ങളെന്ന് പറയുന്ന ധനമന്ത്രി തൊഴിലില്ലായ്‌മയും വരുമാനക്കുറവും കാരണം കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ ‘സന്തുലിത വളർച്ചയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സിപിഐഎം പൊളിറ്റ്ബ്യൂറോ വിമർശിച്ചു.
Content Highlights: CPI(M) Politburo statement sharply criticizing the central budget