'ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റ്'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

തൊഴിലില്ലാത്ത യുവാക്കളെയും ദുരിതത്തിലായ കര്‍ഷകരെയും അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി

'ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റ്'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്ക് മുന്നില്‍ കണ്ണടച്ച ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സമൂഹ്യമാധ്യമത്തിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

'തൊഴിലില്ലാത്ത യുവാക്കള്‍, നിർമാണ മേഖലയിലെ തർച്ച, നിക്ഷേപകര്‍ മൂലധനം പിന്‍വലിക്കുന്ന സാഹചര്യം, ഗാര്‍ഹിക സമ്പാദ്യം കുത്തനെ ഇടിയുന്ന അവസ്ഥ, കര്‍ഷകർ നേരിടുന്ന പ്രശ്നങ്ങൾ അടക്കം കേന്ദ്ര ബജറ്റിൽ അവഗണിച്ചതായി രാഹുല്‍ ഗാന്ധി വിമർശിച്ചു.

ബജറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് ഉയരുന്നത്. കേരളത്തെ അവഗണിക്കുന്ന രീതിയിലുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ എയിംസ്, അതിവേഗ റെയില്‍പാത എന്നിവയില്‍ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയല്‍സംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചര്‍ച്ച ഉയര്‍ന്നുവന്ന കേരളത്തെ തഴഞ്ഞത്.

Nirmala Sitharaman
നിർമല സീതാരാമൻ

അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ ഉള്‍പ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്‌നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടകയിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി കടലാമകളുടെ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 50 ശതമാനം ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നും ഇത്തവണയും എയിംസ് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്താണ് മോദി സര്‍ക്കാറിന്റെ യഥാര്‍ത്ഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ജനത്തെ മറന്ന ബജറ്റാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

Content Highlights: Rahul Gandhi criticized the Union Budget 2026–27 as “blind to India’s real crises”

dot image
To advertise here,contact us
dot image