ജനാധിപത്യത്തെ അടിച്ചമര്‍ത്തല്‍; രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെ

കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു

ജനാധിപത്യത്തെ അടിച്ചമര്‍ത്തല്‍; രാഹുലിന്റെ അറസ്റ്റിനെ അപലപിച്ച് ടിവികെ
dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് ടിവികെ. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി ടിവികെ അറിയിച്ചു. ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനതയെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ രൂക്ഷമായി വിമര്‍ശിച്ചു. അത് അപലപനീയമാണെന്നും ടിവികെ ആവര്‍ത്തിച്ചു.

നീറ്റ് പരീക്ഷയോടുള്ള അഭിപ്രായ വ്യത്യാസവും ടിവികെ തുറന്നുപറഞ്ഞു. നീറ്റ് പരീക്ഷ ആരംഭിച്ച കാലം മുതല്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മാത്രമല്ല, വിദ്യാര്‍ത്ഥികളിലെ മാനസികസമ്മര്‍ദ്ദവും വളരെ വലുതാണ്. ഇതോടെ അവരുടെ സ്വപ്‌നങ്ങളും വലിയ ചോദ്യചിഹ്നമായി മാറുകയാണ്, കേന്ദ്രസര്‍ക്കാര്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് ആയിരുന്നു രാഹുല്‍ ഗാന്ധിയെ ബലമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുല്‍ ഗാന്ധിക്ക് പരിക്കേറ്റിരുന്നു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 'ഇതാണ് ഇന്ത്യയിലെ ജനാധിപത്യം' എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.

കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെയും വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അഖിലേഷിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.

Content Highlights: TVK has condemned the detention of Lok Sabha Opposition Leader Rahul Gandhi during a protest march towards Prime Minister Narendra Modi's residence

dot image
To advertise here,contact us
dot image