ഫെബ്രുവരി 1 ന് ഭാരത് ബന്ദ്? യുജിസി തുല്യത ചട്ടങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം തുടരുന്നു

സാമുദായിക സംഘടനകളാണ് ഫെബ്രുവരി 1 തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്

ഫെബ്രുവരി 1 ന് ഭാരത് ബന്ദ്? യുജിസി തുല്യത ചട്ടങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം തുടരുന്നു
dot image

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ശാലകളിലെ ജാതിവിവേചനം തടയാനായി യുജിസി കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധം വ്യാപിക്കുന്നതിന് ഇടയില്‍ തന്നെ ദുരുപയോഗ സാധ്യതയടക്കം നിരീക്ഷിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ചട്ടങ്ങളുടെ ഭാഷ വ്യക്തതയില്ലാത്തതും തെറ്റായി ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതുമാണെന്നും പറഞ്ഞ കോടതി വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടുകയും ചെയ്തിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം തടയുക, പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 13 മുതലായിരുന്നു 'പ്രൊമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻസ് റെഗുലേഷൻസ് -2026' എന്ന പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നത്. എല്ലാ സർവകലാശാലകളും കോളേജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ കാമ്പസുകളിൽ 24x7 ഹെൽപ്പ്‌ലൈൻ, തുല്യ അവസര കേന്ദ്രം, ഇക്വിറ്റി സ്ക്വാഡുകൾ, ഇക്വിറ്റി കമ്മിറ്റി എന്നിവ നിർബന്ധമായും സ്ഥാപിക്കണമെന്നും ചട്ടം പറയുന്നു.

പുതിയ ചട്ടത്തിനെതിരെ ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാർത്ഥികളില്‍ ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇവർക്ക് പിന്തുണയുമായി സവർണ്ണജാതി സംഘടനകളും മുന്നോട്ട് വന്നു. ചട്ടത്തില്‍ പറയുന്ന പല കാര്യങ്ങളും ഏകപക്ഷീയമാണെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യയുണ്ടെന്നുമാണ് ഇവർ ആരോപിക്കുന്നത്. നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംവരണ വിഭാഗങ്ങൾക്കെതിരായ വിവേചനത്തിൽ മാത്രമാണ്, ജനറൽ വിഭാഗത്തില് നിന്നുള്ള വിദ്യാർഥികളുടെ പരാതികൾ അംഗീകരിക്കുന്നില്ലെന്നും ഇത് വ്യാജ കേസുകള്‍ക്ക് ഇടായാക്കുമെന്നും അവർ വാദിക്കുന്നു.

പ്രതിഷേധങ്ങള്‍

ജനുവരി മധ്യത്തോടെ ഉത്തർപ്രദേശ്, ഹരിയാന, മറ്റ് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകളിലും യുജിസി ആസ്ഥാനത്തിന് മുന്നിലും വിദ്യാർത്ഥി സംഘടനകളും സാമുദായിക സംഘടനകളും പ്രതിഷേധം ആരംഭിച്ചു. ബിജെപി പ്രവർത്തകർ പോലും ചിലയിടങ്ങളിൽ രാജിവെച്ചും പ്രതിഷേധത്തിനായി രംഗത്ത് വന്നു. #UGCRollback എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഭാരത് ബന്ദ്

പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും കർണി സേന ഉള്‍പ്പെടേയുള്ള സാമുദായിക സംഘടനകളുമാണ് ഫെബ്രുവരി 1 തിങ്കളാഴ്ച രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുപ്രീം കോടതി താല്‍ക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ചട്ടങ്ങള്‍ പൂർണ്ണമായി പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിയന്ത്രണങ്ങളെ എതിർക്കുന്ന എംപിമാരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് തേടുന്നതിനുള്ള പ്രചാരണം ബന്ദിന് ശേഷം നടത്തുമെന്നും കർണി സേന നേതാക്കൾ പറഞ്ഞു. നിയന്ത്രണങ്ങൾ സമൂഹത്തെ വിഭജിക്കുമെന്ന് അവകാശപ്പെട്ട് രാജസ്ഥാനിലെ ജോധ്പൂരിൽ, സവർണ്ണ ജാതി ഗ്രൂപ്പുകളും ഫെബ്രുവരി 1 ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കേരളം ഉള്‍പ്പെടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യുജിസി ചട്ടം ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നില്ല. ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ഉത്തരേന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള സംഘടനകളുമാണ്. അതിനാല്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒരു തരത്തിലും ബന്ദ് ബാധിച്ചേക്കില്ല. ഉത്തരേന്ത്യയില്‍ തന്നെ ഈ സാമുദായിക സംഘടനകള്‍ക്ക് സ്വാധീനമുള്ളിടത്ത് മാത്രം ബന്ദ് ഒതുങ്ങിയേക്കും.

Content Highlights: Protests against the UGC equivalence rules have been intensifying in North India, with a Bharat Bandh scheduled for February 1

dot image
To advertise here,contact us
dot image