20 മിനിറ്റ് സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ്; അവശ്യ സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാക്കുക ലക്ഷ്യം

പദ്ധതി യാഥാര്‍ഥ്യമാകുന്നോടെ സ്‌കൂള്‍, ആശുപത്രി, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കും.

20 മിനിറ്റ് സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ്; അവശ്യ സേവനങ്ങൾ വേ​ഗത്തിൽ ലഭ്യമാക്കുക ലക്ഷ്യം
dot image

ദുബായുടെ നഗരജീവിതത്തില്‍ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് 20 മിനിറ്റ് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 20 മിനിറ്റില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധം എല്ലാ അവശ്യ സേവനങ്ങളും താമസസ്ഥലത്തിന് തൊട്ടടുത്ത് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി.

നഗരത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ശ്രദ്ധേയവും പരിസ്ഥിതി സൗഹൃദവുമായ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നോടെ സ്‌കൂള്‍, ആശുപത്രി, പാര്‍ക്ക്, മെട്രോ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കും. ഇതിനായി ഓരോ താമസമേഖലയിലും പ്രത്യേക സംയോജിത സേവന കേന്ദ്രങ്ങള്‍ നിര്‍മിക്കും. നടത്തവും സൈക്കിള്‍ യാത്രയും പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

വേനല്‍ക്കാലത്തും തണലിലൂടെ നടക്കാന്‍ സാധിക്കുന്ന വിധത്തില്‍ നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും സജ്ജമാക്കും. താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷനോ ബസ് സ്റ്റോപ്പോ ഉറപ്പാക്കുന്ന രീതിയില്‍ കൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകളെയും പൊതുഗതാഗത സ്റ്റേഷനുകളുടെ 800 മീറ്റര്‍ പരിധിയില്‍ എത്തിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ ബര്‍ഷയിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക. ചെറിയ ആവശ്യങ്ങള്‍ക്കായി കാറുകള്‍ എടുക്കുന്നത് കുറയുന്നതോടെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും. യാത്രയ്ക്കും പെട്രോളിനുമായി ചെലവാക്കുന്ന വലിയൊരു തുക ലാഭിക്കാനും താമസക്കാര്‍ക്ക് ഇതിലൂടെ സാധിക്കും. ഇതിന് പുറമെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അല്‍ബര്‍ഷക്ക് പിന്നാലെ ദുബായിലെ മറ്റു മേഖലകളിലേക്കും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

Content Highlights: Dubai has introduced the 20-minute city project to provide residents with essential services such as healthcare, education, and retail within a 20-minute radius. This initiative aims to improve urban living by reducing travel times and increasing the convenience of accessing necessary services. The project is part of Dubai's ongoing efforts to enhance the quality of life for its residents and promote efficient city planning.

dot image
To advertise here,contact us
dot image