ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയ്ക്ക് 350-ലധികം സീറ്റുകൾ, കോൺഗ്രസിന് തളർച്ച: ഇന്ത്യാ ടുഡെ സർവേ

എന്‍ഡിഎയിലുളള വോട്ടര്‍മാരുടെ വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയ്ക്ക് 350-ലധികം സീറ്റുകൾ, കോൺഗ്രസിന് തളർച്ച: ഇന്ത്യാ ടുഡെ സർവേ
dot image

ന്യൂഡൽഹി: ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ശക്തമായ പ്രകടനം തന്നെ കാഴ്ച്ചവയ്ക്കുമെന്നും 350-ലധികം സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടുഡേ- സീ വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയുടെ കണ്ടെത്തല്‍. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. 240 സീറ്റുകൾ മാത്രമായിരുന്നു ബിജെപിക്ക് നേടാൻ സാധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 2025ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം എന്‍ഡിഎ ആധിപത്യം തുടര്‍ന്നിരുന്നു. ഡല്‍ഹിയിലും ബിഹാറിലും എന്‍ഡിഎ സഖ്യമാണ് വിജയിച്ചത്. മഹാരാഷ്ട്ര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയത്തോടെ 2025-ലും തിളക്കമാര്‍ന്ന തുടക്കമായിരുന്നു എന്‍ഡിഎയ്ക്ക്.

മറുവശത്ത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഇന്‍ഡ്യാ സഖ്യത്തിന് ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ 181 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു എന്നാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. 2025 ഓഗസ്റ്റിലെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ പ്രവചിച്ചത് ഇന്‍ഡ്യാ സഖ്യത്തിന് 208 സീറ്റ് ലഭിക്കും എന്നായിരുന്നു പ്രവചനം. പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ കണക്കുകള്‍ എന്‍ഡിഎയ്ക്ക് നിര്‍ണായകമായിരിക്കും.

2024-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുളള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിജെപി 240 സീറ്റുകളില്‍ ഒതുങ്ങി. തുടര്‍ച്ചയായ മൂന്നാംതവണയും സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപിക്ക് സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും ആശ്രയിക്കേണ്ടിവന്നു. അതേസമയം കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 99 സീറ്റുകള്‍ നേടി. എന്നാല്‍ അതിനുശേഷം എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യത്തിന് കഴിഞ്ഞിട്ടില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബിഹാറിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അവര്‍ പരാജയപ്പെട്ടു. ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും മാത്രമാണ് വിജയം കണ്ടത്.

പാര്‍ട്ടി തിരിച്ചുളള കണക്കുകള്‍ പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപി 287 സീറ്റുകള്‍ നേടി സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മൂഡ് ഓഫ് ദി നേഷന്‍ ജനുവരി 2026 സര്‍വേ പ്രവചിക്കുന്നത്. 2025 ഓഗസ്റ്റിലെ സര്‍വേയില്‍ ബിജെപിക്ക് 260 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരുന്നത്. സ്ഥിരതയുളള നേതൃത്വവും മോദി എന്ന ബ്രാന്‍ഡിലുളള വിശ്വാസവുമാണ് എന്‍ഡിഎയെ നിലനിര്‍ത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുളള പാകിസ്താനെതിരായ സൈനിക നടപടിയും യുകെയും യൂറോപ്യന്‍ യൂണിയനുമായുമുളള കരാറുകളും ട്രംപിന്റെ തീരുവയ്ക്കും വ്യാപാര തന്ത്രങ്ങള്‍ക്കും ഇന്ത്യ വഴങ്ങാത്തതും മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചുവെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

മൂഡ് ഓഫ് ദി വോട്ടര്‍ സര്‍വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത് 80 സീറ്റുകളാണ്. 2025 ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 97 സീറ്റുകളായിരുന്നു. ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ വോട്ട് ചോരി ആരോപണം പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 47 ശതമാനമായി ഉയരും. 2025 ഓഗസ്റ്റില്‍ പ്രവചിച്ചത് 46.7 ശതമാനമായിരുന്നു. 2024-ലെ വോട്ടെടുപ്പില്‍ എന്‍ഡിഎയ്ക്ക് 44 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇന്‍ഡ്യാ സഖ്യത്തിന് സര്‍വേ 39 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 40.9 ശതമാനമായിരുന്നു.

Content Highlights: Modi wave will continue, NDA will win over 350 seats if Lok Sabha elections are held today; India Today survey

dot image
To advertise here,contact us
dot image