

ഇറാനെതിരായ യുഎസ് നീക്കത്തില്‍ യുഎഇക്ക് പിന്നാലെ ശക്തമായ നിലപാടുമായി സൗദി അറേബ്യയും. ഇറാനെതിരായ നടപടികള്‍ക്ക് തങ്ങളുടെ എയർ സ്പേസ് അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ സമുദ്ര അതിർത്തിയും കരയും അനുവദിക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.
ഫോൺ സംഭാഷണത്തിൽ, കിരീടാവകാശി പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി "സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏത് ശ്രമങ്ങളെയും" തന്റെ രാജ്യം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ് പി യാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ തമ്മിലുള്ള സംഭാഷണ വിവരങ്ങള്‍ പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.
അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് യുദ്ധം തടയുന്ന ഏത് പ്രക്രിയയെയും ഇറാന്‍ സ്വാഗതം ചെയ്യുന്നതായി മസൂദ് പെസെഷ്കിയാന്‍ അറിയിച്ചതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. സമാനമായ നിലപാടായിരുന്നു യുഎഇയും കഴിഞ്ഞ ദിവസം സ്വീകരിച്ചത്. തങ്ങളുടെ വായു, കര, സമുദ്ര അതിർത്തികള്‍ ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി.
ഇറാനില്‍ നടക്കുന്ന ആഭ്യന്തര സംഘർഷത്തില്‍ അമേരിക്ക ഇടപെടാന്‍ തീരുമാനിച്ചതാണ് പശ്ചിമേഷ്യയില്‍ വീണ്ടും ഒരു സംഘർഷ സാഹചര്യം ശക്തമാക്കിയത്. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതോ, ആണവ പദ്ധതി പുനരാരംഭിക്കുന്നതോ ആയ പദ്ധതികള്‍ സ്വീകരിച്ചാല്‍ ഇറാന്‍ കടുത്ത നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. പശ്ചിമേഷ്യൻ തീരത്തേയ്ക്കായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെയും (USS Abraham Lincoln) മറ്റ് യുദ്ധക്കപ്പലുകളെയും അമേരിക്ക വിന്യസിച്ചിരുന്നു. ഒരു വലിയ പടക്കപ്പൽ ഇറാന് നേരെ നീങ്ങുകയാണെന്നും എന്നാൽ അത് ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിൽ ഡിസംബർ അവസാനം ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾ സുരക്ഷാ സേനയുടെ കടുത്ത അടിച്ചമർത്തലിന് ഇടയാക്കി. മനുഷ്യാവകാശ സംഘടനകൾ പ്രകാരം ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ചില റിപ്പോർട്ടുകളിൽ പ്രകാരം ഇത് 5000ത്തിലധികമാണ്. ഇത് 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ അടിച്ചമർത്തലായും വിശേഷിപ്പിക്കപ്പെടുന്നു.
ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭം നടന്നത്. എന്നാൽ വളരെ വേഗത്തിൽ തന്നെ രാജ്യത്തുടനീളം പ്രക്ഷോഭം ആളിപ്പടർന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ ഇറാൻ സർക്കാർ ശ്രമിച്ചതാണ് അമേരിക്കയെ ചൊടുപ്പിച്ചത്. നിലവിൽ പശ്ചിമേഷ്യയിലേക്ക് വന്‍ സൈനിക സന്നാഹത്തെ അയക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ പ്രക്ഷോഭകരെ വധിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlights: Saudi Arabia, following a similar position taken by the UAE, has declared that any US military moves against Iran must not pass through its borders