അങ്ങനെ സംശയങ്ങൾക്ക് കർട്ടൻ വീഴുന്നു, രജനി-കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ജയിലർ, ജയിലർ 2 എന്നീ സിനിമകൾക്ക് ശേഷം രജനിയും നെൽസണും ഒന്നിക്കുന്ന സിനിമയാകും ഇത്

അങ്ങനെ സംശയങ്ങൾക്ക് കർട്ടൻ വീഴുന്നു, രജനി-കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ
dot image

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നേരത്തെ സുന്ദർ സിയെ സംവിധായകനായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം സിനിമയിൽ നിന്ന് പിന്നീട് പിന്മാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സംവിധായകന് ആണ് ഈ നറുക്ക് വീണിരിക്കുന്നത്.

നെൽസൺ ദിലീപ്കുമാർ ആണ് ഈ രജനി-കമൽ സിനിമ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വാരം സിനിമയുടെ പ്രൊമോ ഷൂട്ട് നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ ജയിലർ, ജയിലർ 2 എന്നീ സിനിമകൾക്ക് ശേഷം രജനിയും നെൽസണും ഒന്നിക്കുന്ന സിനിമയാകും ഇത്. നിലവിൽ ജയിലർ 2 വിന്റെ ഷൂട്ടിലാണ് രജനിയും നെൽസണും. രജനിയെ നായകനാക്കി സിബി ചക്രവർത്തി ഒരുക്കുന്ന സിനിമയ്ക്ക് ശേഷമാകും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

അതേസമയം, തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിബി ചക്രവർത്തി ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ഫാമിലി ഡ്രാമ സിനിമയാണ് ഇതെന്നാണ് സൂചന. ശിവകാർത്തികേയൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്നത് സിബി ചക്രവർത്തി ആണ്. നേരത്തെ രജിനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ്‌ സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്.

ജയിലർ 2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.

Content Highlights: Rajinikanth-Kamal haasan big budget action film to be directed by nelson after jailer 2

dot image
To advertise here,contact us
dot image