

ചെന്നൈ: കരൂർ ദുരന്തന്തിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി. ദുരന്തം ഉണ്ടായയുടൻ തന്നെ വിജയ് കരൂരിൽ നിന്ന് മുങ്ങിയെന്നും, മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ പോലും കൂട്ടാക്കിയില്ല പളനിസ്വാമി പറഞ്ഞു. നേരത്തെ വിജയ്‌യെ കുറ്റപ്പെടുത്താൻ പളനിസ്വാമി മുതിർന്നിരുന്നില്ല. എല്ലാ കുറ്റവും ഡിഎംകെയുടെ മേൽ ചാരാനായിരുന്നു പളനിസ്വാമി ശ്രമം നടത്തിയത്. അണ്ണാ ഡിഎംകെയ്ക്കെതിരെ വിജയ് വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് പളനിസ്വാമിയുടെ വിമർശനം എന്നാണ് കരുതപ്പെടുന്നത്.
'നാൽപത്തിയൊന്ന് പേർ മരിച്ചിട്ടും വിജയ് എന്താണ് ചെയ്തത്? എങ്ങനെയാണ് ഇവർ മരിച്ചത്? ഇവരെലാം വിജയ്‌യെ കേൾക്കാൻ പോയവരാണ്. വിജയ് ഇവരുടെ കുടുംബത്തെ കാണാൻ പോയോ? ദുരന്തത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളെ കാണാൻ പോകാൻ സാധിച്ചില്ലെങ്കിൽ എന്തിനാണ് വിജയ് ഒരു രാഷ്ട്രീയപാർട്ടി കൊണ്ടുനടക്കുന്നത്' എന്നാണ് പളനിസ്വാമി വിമർശിച്ചത്. ദുരന്തം ഉണ്ടായ ആദ്യഘട്ടങ്ങളിൽ ഡിഎംകെ ആണ് കാരണം എന്ന് പറഞ്ഞിരുന്ന പളനിസ്വാമിയാണ് ഇപ്പോൾ വിജയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
അണ്ണാ ഡിഎംകെയ്ക്കെതിരെ വിജയ് വിമർശനം ശക്തമാക്കിയ സാഹചര്യത്തിലും കൂടിയാണ് പളനിസ്വാമിയുടെ നിലപാട് മാറ്റം എന്നും നിരീക്ഷണമുണ്ട്. ടിവികെയുടെ കഴിഞ്ഞ സമ്മേളനത്തിൽ അണ്ണാ ഡിഎംകെയെ അഴിമതി പാർട്ടി എന്ന് വിജയ് വിശേഷിപ്പിച്ചിരുന്നു. അതിന് മുൻപായി അണ്ണാ ഡിഎംകെയ്ക്കെതിരെ നിശബ്ദത പാലിക്കാനും വിജയ് ശ്രദ്ധിച്ചിരുന്നു. എൻഡിഎ പ്രവേശനത്തിൽ നിന്ന് വിജയ് പിന്നോട്ടുപോയതാണ് ഈ വിമർശനങ്ങൾക്കെല്ലാം കാരണം എന്നും വിലയിരുത്തലുകളുണ്ട്.
സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.
ദുരന്തത്തിൽ വിജയ്‌യെ സിബിഐ ചോദ്യം ചെയ്ത് വരികയാണ്. ഇതുവരെ രണ്ടുതവണ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തിരുന്നു. കരൂരിലെ പരിപാടി ആരാണ് സംഘടിപ്പിച്ചത്, ക്രമീകരണങ്ങളെക്കുറിച്ച് വിജയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ, വേദിയിൽ എത്താൻ വൈകിയതിന്റെ കാരണം, വർദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉദ്യോഗസ്ഥർ വിജയ്‌യോട് ചോദിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തിരക്കിന്റെ ഗൗരവം അദ്ദേഹം എപ്പോൾ മനസ്സിലാക്കി, തദ്ദേശ ഭരണകൂടം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നോ, കുടിവെള്ളം, സുരക്ഷ, സുരക്ഷിതമായ പ്രവേശന, എക്സിറ്റ് വഴികൾ എന്നിവയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു എന്നിവയെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരണം തേടിയിരുന്നു.
Content Highlights: Palaniswamy changes stand on karur issue and vijay, shift after vijay criticism on anna dmk