

സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെ വലിയ ആശങ്കയിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 16395 രൂപയും പവന് 131160 രൂപയുമാണ് നിരക്ക്. പവന്‍ വിലയില്‍ ഒറ്റദിവസം 8640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റദിവസം തന്നെ ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇതോടെ സാധാരണക്കാരെ സംബന്ധിച്ച് സ്വർണം വാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാരണമായിരിക്കുകയാണ്. അതേസമയം തന്നെ മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് സന്തോഷിക്കാനും വകയേറെയുണ്ട്.
സ്വർണ വില ഇത്തരത്തില്‍ റെക്കോർഡുകള്‍ ഭേദിച്ചു മുന്നോറിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ തന്നെയാണ് അന്തരിച്ച ബൾഗേറിയൻ സന്യാസിനിയായ ബാബാ വാംഗയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 2026-ൽ ഒരു വലിയ ആഗോള സാമ്പത്തിക പ്രതിസന്ധി വരുമെന്നും അതിനാൽ ആളുകൾ കറൻസിയെ വിശ്വസിക്കാതെ സ്വർണത്തിലേക്ക് തിരിയുമെന്നും അവർ പ്രവചിച്ചുവെന്നുമാണ് പറയപ്പെടുന്നത്. ഇതോടെ സ്വർണവില കൂടുതൽ ഉയരാൻ കാരണമാകുമെന്നാണ് വ്യാഖ്യാനം.
പ്രവചന പ്രകാരം പ്രതിസന്ധി വന്നാൽ വില 25-40% വരെ ഉയരാം. അതായത് 2026 അവസാനമാകുമ്പോള്‍ 10 ഗ്രാമിന് 1.62 മുതല്‍ 1.82 ലക്ഷം രൂപ വരെ വില എത്താം. എന്നാൽ ബാബാ വാംഗയുടെ പ്രവചനങ്ങൾ പലതും പിന്നീടുള്ള വ്യാഖ്യാനങ്ങളാണ്. ഒന്നിനും ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ല.
ബൾഗേറിയൻ നിന്നുള്ള അന്ധ സന്യാസിയായ ബാബ വാംഗ 1996-ൽ അന്തരിക്കും മുൻപ് ലോകത്തെ മാറ്റിമറിക്കുന്ന പ്രവചനങ്ങൾ നടത്തിയ ആളായിരുന്നു. പ്രവചിച്ചതിൽ ഏകദേശം 85 ശതമാനവും കാര്യങ്ങൾ സത്യമായി വരികയും ചെയ്തിരുന്നുവെന്നാണ് അവരുടെ അനുയായികളുടെ അവകാശവാദം. ബാബ വാംഗയുടെ പ്രവചനങ്ങൾ പ്രകാരം, 2026ല്‍ പണമിടപാട് അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം അത് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിന് ലോകം സാക്ഷ്യം വഹിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്.
കൂടാതെ സൈനിക സംഘർഷങ്ങൾ ലോകമെമ്പാടും പുതിയ സഖ്യങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കും, ഇന്ത്യ-ചൈന അതിർത്തിയിലും, തായ്‌വാനിലും, ദക്ഷിണ ചൈനാ കടലിലും സംഘർഷങ്ങൾ മൂർച്ഛിക്കും, ആഗോള സംഘർഷങ്ങൾ കാരണം യൂറോപ്പ് എന്ന ഭൂഖണ്ഡത്തിന്റെ ഗതി തന്നെ മാറും എന്നിങ്ങനെ പല തരത്തിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും വാംഗ പ്രവചിച്ച് വെച്ചിട്ടുണ്ട്.
2026 നെ സംബന്ധിച്ച ബാബ വാംഗയുടെ മറ്റൊരു പ്രധാന പ്രവചനം 2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം എന്നതാണ്. ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ ആ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും, അത് സംഭവിക്കാൻ പോകുന്നത് 2026 നവംബർ മാസത്തിൽ ആയിരിക്കും എന്നാണ് ബാബ വാംഗയുടെ പ്രവചനം.
Content Highlights: Predictions attributed to Bulgarian mystic Baba Vanga about gold prices in 2026 have gained attention online