

ന്യൂ ഡൽഹി: ആസിഡ് ആക്രമണ കേസുകളിൽ കർശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. നിയമത്തിനതീതമായി അസാധാരണ ശിക്ഷാ നടപടികൾ വേണമെന്നും അതിനായി നിയമനിര്‍മാണം ആവശ്യമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനായി അക്രമിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിക്കൂടെ എന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാക്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തിൽ നിരീക്ഷിച്ചത്. ഇരകളുടെ വൈദ്യ - പുനരധിവാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇപ്പോഴുള്ള നഷ്ടപരിഹാരം മതിയാകില്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശേഷമാണ് പ്രതികളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട പരാമർശം ഉണ്ടായത്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാത്തത് എന്തുകൊണ്ടാണ്? ആസിഡ് ആക്രമണത്തിൽ ഒരാൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇത്രയ്ക്ക് നഷ്ടപരിഹാരം നൽകാത്തത് എന്തുകൊണ്ടാണ്? ചില സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ ആവശ്യമായി വരുമെന്നും കോടതി പറഞ്ഞു.
സംസ്ഥാനങ്ങൾ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യക്ഷമമായ രീതികൾ കൈക്കൊള്ളണമെന്നും കോടതി അഭിപ്രായപ്പെട്ടു. പാർലമെന്റിൽ ഈ വിഷയത്തിൽ ഒരു നിയമനിർമാണം നടത്താനാകുമോ എന്നത് പരിശോധിക്കാവുന്നതാണ് എന്നും കോടതി പറഞ്ഞു.
ആസിഡ് ആക്രമണം നേരിട്ട ഷഹീൻ മാലിക്ക് എന്നയാളുടെ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. മാലിക്കിന് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെയെല്ലാം കീഴ്കോടതികൾ വെറുതെവിട്ടിരുന്നു. നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഷഹീൻ മാലിക്ക് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 16 വർഷമായി നിയമപോരാട്ടം നടത്തിവരികയാണ് മാലിക്. പിന്നാലെ കോടതി മാലിക്കിന് അർഹമായ നിയമസഹായവും വാഗ്ദാനം ചെയ്തു.
ഹൈക്കോടതികളോട് ആസിഡ് ആക്രമണ കേസുകൾക്ക് മുൻഗണന നൽകാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. രാജ്യത്ത് 15 ഹൈക്കോടതികളിലാണ് നിലവിൽ ആസിഡ് ആക്രമണ കേസുകൾ കെട്ടികിടക്കുന്നത്. ഉത്തർപ്രദേശിൽ 198 കേസുകൾ, ഗുജറാത്തിൽ 114 കേസുകൾ, ബിഹാറിൽ 68, ബംഗാളിൽ 60 എന്നിങ്ങനെയാണ് കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ എണ്ണം. നിരവധി ഹൈക്കോടതികൾ ഇനിയും കണക്ക് സമർപ്പിക്കാനുണ്ട്. അവ ലഭിച്ചാൽ എണ്ണം ഇനിയും ഉയരും.
നാല് ആഴ്ചയ്ക്കകം കേസുകളുടെ മുഴുവൻ വിശദാംശങ്ങൾ സമർപ്പിക്കാനും സംസ്ഥാനങ്ങളോടും
കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകളുടെ പേരുവിവങ്ങൾ, ചികിത്സാ വിവരങ്ങൾ തുടങ്ങി എല്ലാം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: The Supreme Court suggested confiscating the properties of accused persons to provide compensation to acid attack victims