മോദി സർക്കാർ രാജ്യത്തെ മഹാരാജാക്കന്മാരുടെ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

തൊഴിലുറപ്പ് ജോലിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യം പങ്കുവെച്ചാണ് രാഹുലിന്റെ വിമർശനം

മോദി സർക്കാർ രാജ്യത്തെ മഹാരാജാക്കന്മാരുടെ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി
dot image

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ)ക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ രാജ്യത്തെ 'മഹാരാജാക്കന്മാരുടെ' യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

തൊഴിലാളികളുടെ വേതനം ചർച്ച ചെയ്യാനുള്ള അവകാശവും പഞ്ചായത്തുകളുടെ അധികാരവും പിടിച്ചെടുത്ത് ചിലരുടെ കൈകളിൽ മാത്രം എല്ലാ അധികാരങ്ങളെയും കേന്ദ്രീകരിച്ച് രാജ്യത്തെ മഹാരാജാക്കന്മാരുടെ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് എംജിഎൻആർഇജിഎ പദ്ധതിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തൊഴിലുറപ്പ് ജോലിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യം പങ്കുവെച്ചാണ് രാഹുലിന്റെ വിമർശനം. എംജിഎൻആർഇജിഎ തങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്ന് പ്രഖ്യാപിച്ച അതേ തൊഴിലാളികൾ ഇപ്പോൾ മോദി സർക്കാർ തൊഴിലാളികളെ അടിമകളാക്കുന്നു എന്ന് പറയുകയാണെന്ന് രാഹുൽ കുറിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതിയാണ് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബിജി റാം ജി. യുപിഎ സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ എംജിഎൻആർഇജിഎ പദ്ധതിയിയിൽനിന്നും മഹാത്മാഗാന്ധിയുടെ പേരടക്കം വെട്ടിയാണ് കേന്ദ്രം പുതിയ പദ്ധതി കൊണ്ടുവന്നത്. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവും ഉയർത്തിയിരുന്നു.

തൊഴിൽ ദിനത്തിലും കേന്ദ്ര- സംസ്ഥാനങ്ങൾ വഹിക്കേണ്ടുന്ന വേതന അനുപാതത്തിലും മാറ്റം വരുത്തുന്ന പദ്ധതി പൂർണമായും കേന്ദ്രത്തിന് കീഴിലാകും വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടപ്പുരീതികളെ തകിടം മറിക്കുന്നതും സംസ്ഥാനങ്ങൾക്ക്മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ് വിബിജി റാം ജി പദ്ധതിയെന്നും വിമർശനമുണ്ട്. പദ്ധതി പിൻവലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന്റെ ഭാഗമായി കോൺഗ്രസ് പ്രതിഷേധ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു.

Content Highlights: MGNREGA repeal will take India back to Maharaja's era, Rahul Gandhi slams Narendra modi government

dot image
To advertise here,contact us
dot image