

ചെന്നൈ: ജുഡീഷ്യല്‍ സര്‍വീസില്‍ ശേഷിക്കുന്ന കാലം മുഴുവന്‍ സനാതന ധര്‍മം ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍. പൊതുസേവനത്തില്‍ ഒരു വ്യക്തിയുടെ പങ്ക് നിര്‍വചിക്കുന്നത് പ്രൊഫഷണല്‍ വൈദഗ്ദ്യം മാത്രമല്ല, ധാര്‍മ്മിക തത്വങ്ങളും കൂടിയാണ് എന്നാണ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞത്. ശനിയാഴ്ച്ച ധാര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഡിവൈന്‍ അവാര്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'എനിക്ക് 4.5 വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതിനുമുന്‍പ് അവര്‍ എന്റെ പദവി എടുത്തുകളയില്ലെന്ന് പ്രതീക്ഷിക്കാം. ശേഷിക്കുന്ന 4.5 വര്‍ഷവും സനാതന ധര്‍മം എന്റെ ഹൃദയത്തില്‍ വഹിക്കാനും മികവ് കാണിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' എന്നാണ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞത്. ചടങ്ങില്‍ സ്വാമിനാഥനൊപ്പം മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാല സ്വാമിയും പങ്കെടുത്തിരുന്നു. മധുരയിലെ തിരുപരംകുണ്ട്രം കുന്നിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ജി ആര്‍ സ്വാമിനാഥനാണ് ഉത്തരവിട്ടത്. ഇത് വിവാദമായതിന് പിന്നാലെ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുളള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
ഹിന്ദു-മുസ്‌ലിം മതവിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കകത്തുളള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥൻ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി ചെയ്യുന്നത് പോലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍ മാത്രം വിളക്ക് തെളിയിച്ചാല്‍ മതിയെന്നായിരുന്നു ക്ഷേത്രം അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം.
മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ദീപത്തൂണില്‍ വിളക്ക് തെളിയിക്കാനെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. തുടർന്നാണ് സർക്കാർ വിധിക്കെതിരെ അപ്പീൽ പോയത്. ക്ഷേത്രത്തിനും ദര്‍ഗയ്ക്കും നടുവിലുളള ദീപത്തൂണ്‍ ഹിന്ദുമതവിഭാഗത്തിന്റേതല്ലെന്നും അവിടെ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സമീപത്തുളള കുന്നുകളില്‍ താമസിച്ചിരുന്ന ദിഗംബര ജൈന സന്യാസികളുമായി ചരിത്രപരമായി ഈ സ്തംഭം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഒത്തുകൂടാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന സ്തംഭമാണിതെന്നും അതിന് ഹിന്ദു ആചാരങ്ങളുമായി ബന്ധമില്ലെന്നും ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ജോതി വ്യക്തമാക്കിയിരുന്നു.
Content Highlights: 'I will keep Sanatana Dharma in my heart for the rest of my service'; justice GR Swaminathan