

ചെന്നൈ: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ പെരമ്പല്ലൂരിനടുത്താണ് സംഭവം. അഴഗുരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടത്. പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇയാളെ കൊലപ്പെടുത്തിയത്. പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായിരുന്നു അഴഗുരാജ്.
വെള്ളൈകാലിയെന്ന മറ്റൊരു ഗുണ്ടയെ അറസ്റ്റ് ചെയ്തപ്പോള്‍ ഇദ്ദേഹത്തെ ലക്ഷ്യമിട്ട് അഴഗുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുകയായിരുന്നു. മധുരയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളൈകാലിയെ 24-ന് പുതുക്കോട്ടയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചെന്നൈയിലെ പുഴല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ട്രിച്ചി-ചെന്നൈ ദേശീയപാതയിലെ പെരമ്പല്ലൂര്‍ തിരുമന്തുറൈ ടോള്‍ ഗേറ്റിന് സമീപം ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി. പെട്ടെന്ന് രണ്ടുകാറുകളിലായി എത്തിയ ഒരുസംഘം പൊലീസ് വാഹനത്തിനുനേരെ നാടന്‍ ബോംബ് എറിഞ്ഞു. സ്‌ഫോടനത്തില്‍ മരുതുപാണ്ടിയെന്ന പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. അപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വെള്ളൈകാലിയെ കൊലപ്പെടുത്തുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് വിലയിരുത്തൽ.
പൊലീസ് വാഹനത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഴഗുരാജിനെ പിടികൂടാന്‍ ഒരു പ്രത്യേക സംഘം തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, സബ് ഇന്‍സ്‌പെക്ടര്‍ ശങ്കറിനെ അരിവാള്‍ കൊണ്ട് ആക്രമിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ആത്മരക്ഷയ്ക്കായി വെടിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അഴഗുരാജിനെ സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.
Content Highlights: notorious criminal killed in police encounter tamilnadu