

ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകും. മൊഴി നൽകാനായാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാത്തെത്തുക. നിലവിൽ വിജയ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചുകഴിഞ്ഞു. 11 മണിക്കാകും സിബിഐക്ക് മുൻപാകെ വിജയ് ഹാജരാക്കുക.
ഡൽഹിയിലെത്തുന്ന വിജയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് ടിവികെ നേതാക്കൾ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് എത്തുന്ന സമയവും മറ്റും സിബിഐയെ നേരത്തെ അറിയിച്ചുകഴിഞ്ഞു. എന്തുകൊണ്ട് കരൂരിൽ എത്താൻ താമസിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പരാജയപ്പെട്ട എന്നതടക്കമുള്ള ചോദ്യങ്ങളിൽ വിജയ് വിശദീകരണം നൽകേണ്ടിവരും. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണത്തിലും വിജയ് ഉത്തരം നൽകേണ്ടിവരും. നിലവിൽ വിജയ്‌യെ കേസിലെ സാക്ഷിയായാണ് സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
നേരത്തെ വിജയ്‌യുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരവാനിലടക്കം സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു. അന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വിജയ്‌യുമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സിബിഐ അത് നിഷേധിച്ചിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് വിജയ്‌യുടെ വാദം. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിജയ്‌യെ ചോദ്യംചെയ്യാനുളള സിബിഐയുടെ നീക്കം.
സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Vijay to appear before CBI on karur stampede case today, actor left chennai