

തിരുവനന്തപുരം: ജനുവരി പകുതിയായിട്ടും രാത്രി തണുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ജനുവരി അവസാനം വരെയെങ്കിലും തുടരുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതിന് കാരണം ലാ നിന പ്രതിഭാസമാണ്.
പസഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന അവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസം ഉണ്ടാകുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തണുപ്പ് കൂടുക സ്വാഭാവികമാണ്. എന്നാൽ മഴ ലഭിച്ചാൽ തണുപ്പ് കുറയുകയും ചെയ്യും. എങ്കിലും ജനുവരി അവസാനം വരെ രാത്രി തണുത്ത കാലാവസ്ഥ തുടരും എന്നാണ് വിലയിരുത്തൽ.
മഴയ്ക്ക് സാധ്യത
നാളെ മുതൽ ബുധൻ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഇതിന് കാരണം. ന്യൂനമർദം ദുർബലമായിട്ടുണ്ടെങ്കിലും പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. ഈ വർഷം സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ലഭിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം.
മലപ്പുറം വരൾച്ചയിലേക്കോ?
ഒക്ടോബർ മുതൽ ജനുവരി വരെ നീളുന്ന വടക്ക് കിഴക്കൻ വർഷകാലം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല മലപ്പുറം ആണ്. സാധാരണ തുലാമാസത്തിൽ മലപ്പുറത്ത് ലഭിക്കാറുള്ളത് 459.8 മി.മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 306.5 മി.മീറ്റർ മഴ. അതായത് 33% മഴക്കുറവ്.
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ മഴക്കാലത്തും മലപ്പുറത്ത് മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. സാധാരണ ലഭിക്കാറുളള 1956 മി.മീറ്റർ മഴയുടെ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1420 മി.മീറ്റർ മഴ മാത്രമാണ്. അതായത് മഴക്കുറവ് 27%.
രണ്ട് മഴക്കാലത്തും മഴക്കുറവ് രേഖപ്പെടുത്തിയതോടെ വേനൽക്കാലത്ത് ശുദ്ധജല ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മലപ്പുറം. ഇനി വേനൽ മഴയിലാണ് ജില്ലയുടെ പ്രതീക്ഷ.
വടക്കൻ ജില്ലകളിലും മഴ കുറവ്
കാസർകോട് ഒഴികെയുള്ള വടക്കൻ ജില്ലകളിലെല്ലാം ഇത്തവണ തുലാവർഷത്തിൽ മഴ കുറവായിരുന്നു. എന്നാൽ കൊല്ലവും ഇടുക്കിയും ഒഴികെയുള്ള തെക്കൻ ജില്ലകളിൽ സാധാരണ രീതിയിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ലഭിക്കേണ്ട മഴയുടെ 60–70% വരെ തെക്കു പടിഞ്ഞാറൻ കാലവർഷത്തിലും 20%വരെ വടക്കു കിഴക്കൻ കാലവർഷത്തിലുമാണ് ലഭിക്കുന്നത്.
Content Highlight: Cold will persist throughout January due to the La Niña effect. Also Kerala is expecting more rain this year.