സെൻസർ ബോർഡിൽ നിന്ന് 48 കട്ട്, പിന്നാലെ കൊറോണ പണി തന്നു, ആ സിനിമയുടെ റിലീസിന് ഒരുപാട് കഷ്ടപ്പെട്ടു; ജീവ

'എല്ലാം മറികടന്ന് പടം റിലീസ് ചെയ്യാൻ നോക്കിയപ്പോഴാണ് കൊറോണ വരുന്നത്. രണ്ട് സിയും എനിക്ക് ഒരുപാട് കഷ്ടപ്പാടാണ് നൽകിയത്'

സെൻസർ ബോർഡിൽ നിന്ന് 48 കട്ട്, പിന്നാലെ കൊറോണ പണി തന്നു, ആ സിനിമയുടെ റിലീസിന് ഒരുപാട് കഷ്ടപ്പെട്ടു; ജീവ
dot image

സെൻസർ ബോർഡിൽ നിന്ന് തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് മനസുതുറന്ന് നടൻ ജീവ. സെൻസർ ബോർഡിന്റെ ബ്രാൻഡ് അംബാസിഡർ ആണ് താനെന്നും ജിപ്സി എന്ന തന്റെ സിനിമയ്ക്ക് 48 കട്ട് ആണ് അവർ നിർദ്ദേശിച്ചതെന്നും ജീവ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ 'തലൈവർ തമ്പി തലൈമയി'ലിന്റെ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

'സെൻസർ ബോർഡിന്റെ ബ്രാൻഡ് അംബാസിഡർ ഞാൻ ആണ്. ജിപ്സി എന്നൊരു സിനിമ ഞാൻ ചെയ്തു. 48 കട്ടുകൾ ആണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. അവരുടെ പണി കിട്ടിയ ആൾ ആണ് ഞാൻ. സെൻസർ പ്രശ്നങ്ങൾ എല്ലാം മറികടന്ന് പടം റിലീസ് ചെയ്യാൻ നോക്കിയപ്പോഴാണ് കൊറോണ വരുന്നത്. രണ്ട് സിയും എനിക്ക് ഒരുപാട് കഷ്ടപ്പാടാണ് നൽകിയത്', ജീവയുടെ വാക്കുകൾ. രാജു മുരുഗൻ ഒരുക്കിയ ജിപ്സിയിൽ നടാഷ സിംഗ്, ലാൽ ജോസ്, സണ്ണി വെയ്ൻ എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.

വിജയ് ചിത്രം ജനനായകനും നിലവിൽ സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

jiiva

കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. റിലീസ് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം.

Content Highlights: My film Gypsy got 48 cuts from censor board says actor Jiiva

dot image
To advertise here,contact us
dot image