

അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ദമാം നവോദയ റാക്ക ഏരിയ പ്രസിഡന്റും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തൃശൂർ തലക്കോട്ടുക്കര സ്വദേശി അനിൽകുമാർ ആണ് മരിച്ചത്.
ജനുവരി നാലിനാണ് അനിൽകുമാറിന്റെ അമ്മ കാർത്ത്യായനി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ അനിൽകുമാർ നാട്ടിലേക്ക് പുറപ്പെട്ടു. ജനുവരി ഒമ്പതിന് അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭാര്യയോടൊപ്പം പുറത്തുപോയ അനിൽകുമാറിന്, പെട്രോൾ പമ്പിൽ വെച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദമാമിലെയും ഖോബാറിലെയും മലയാളി സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു അനിൽകുമാർ. ദമാം നവോദയ റാക്ക ഏരിയ പ്രസിഡന്റ്, ഖോബാർ റീജനൽ കമ്മിറ്റി അംഗം, സാംസ്കാരിക കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. അനിൽകുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.
Content Highlights: A Malayali expatriate, upon hearing the news of his mother’s death, returned home but tragically succumbed to a heart attack. The sudden loss shocked his family and community, highlighting the emotional and physical toll of such unexpected events.