വന്ദേഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റും ആർഎസിയും ഇല്ല: കുറഞ്ഞ ടിക്കറ്റിന് 960 രൂപ; കുതിക്കുക 180 km/hല്‍

മിനിമം ചാർജ് ദൂരം 400 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്

വന്ദേഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റും ആർഎസിയും ഇല്ല: കുറഞ്ഞ ടിക്കറ്റിന് 960 രൂപ; കുതിക്കുക 180 km/hല്‍
dot image

ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. ട്രയൽ റണ്ണുകൾ വിജയകരമായി പൂർത്തിയാക്കിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ജനുവരി 17-നോ 18-നോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ സർവീസ് ഹൗറ (കൊൽക്കത്ത) – കാമാഖ്യ (ഗുവാഹത്തി) റൂട്ടിലായിരിക്കും നടത്തുക.

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക്

റെയിൽവേ ബോർഡിന്റെ ജനുവരി 9 ന് പുറത്തുവിട്ട സർക്കുലർ പ്രകാരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ യാത്ര സാധാരണ എസി ട്രെയിനുകളെ അപേക്ഷിച്ച് വളരെ ചെലവേറിയതായിരിക്കും. മിനിമം ചാർജ് ദൂരം 400 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. അതായത് തൊട്ടടുത്ത സ്റ്റേഷനിലാണ് ഇറങ്ങേണ്ടതെങ്കിലും 400 കി.മീറ്റർ നിരക്ക് നൽകണം. 400 കിമീ വരെയുള്ള ബേസ് ഫെയർ (ജിഎസ്ടി ഒഴികെ) ഫസ്റ്റ് എസിയില്‍ 1520 രൂപയും, സെക്കന്‍ഡ് എസിയില്‍ 1240 രൂപയും തേർഡ് എസിയില്‍ 960 രൂപയുമാണ് നിരക്ക്. 400 കിലോമീറ്ററിന് ശേഷം ക്ലാസ് അനുസരിച്ച് കിലോമീറ്ററിന് ഏകദേശം 2.4 മുതൽ 3.8 വരെ വർധനവ് ഉണ്ടാകും.

ഉദാഹരണത്തിന് 1000 കി.മി ദൂരമുള്ള ഹൗറ–ഗുവാഹത്തി റൂട്ടിൽ ഭക്ഷണം ഉൾപ്പെടെ ഏകദേശ നിരക്ക് തേർഡ് എസിക്ക് 2300–2400 രൂപയും സെക്കന്‍ഡ് എസിക്ക് 3000–3100 രൂപയും ഫസ്റ്റ് എസിക്ക് 3600–3800 രൂപയുമായിരിക്കും. മണിക്കൂറില്‍ 180 കി.മി ആയിരിക്കും ട്രെയിനിന്‍റെ പരമാവധി വേഗത. ആധുനിക ഇന്റീരിയർ, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ, ഹോട്ടൽ പോലുള്ള ഓൺബോർഡ് സൗകര്യങ്ങൾ എന്നിവ ഈ വിലയെ ന്യായീകരിക്കുന്നതാണെന്നും റെയിൽവേ അധികൃതർ പറയുന്നു.

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് ബുക്കിങ്

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ബുക്കിങ് നിയമങ്ങളും വളരെ കർശനമാണ്. കൺഫേംഡ് ടിക്കറ്റ് മാത്രമേ ലഭ്യമാകൂ, ആർഎസി, വെയ്റ്റിങ് ലിസ്റ്റ് അല്ലെങ്കിൽ പാർഷ്യൽ കൺഫേംഡ് ടിക്കറ്റുകൾ ഉണ്ടാകില്ല. എല്ലാ ബെർത്തുകളും അഡ്വാൻസ് റിസർവേഷൻ കാലഘട്ടത്തിന്റെ ആദ്യ ദിവസം തന്നെ റിലീസ് ചെയ്യും. ക്വോട്ടകൾ ലേഡീസ്, സീനിയർ സിറ്റിസൺ, അംഗവൈകല്യമുള്ളവർ, ഡ്യൂട്ടി പാസ് ഹോൾഡേഴ്സ് എന്നിവർക്ക് മാത്രമായിരിക്കും.

കൺസെഷണൽ ടിക്കറ്റുകളും നോൺ-റീഇംബേഴ്സബിൾ കോംപ്ലിമെന്ററി പാസുകളും അനുവദനീയമല്ല, എങ്കിലും കുട്ടികളുടെ സാധാരണ നിരക്ക് ബാധകമാണ്. റീഫണ്ടുകൾക്ക് ഡിജിറ്റൽ പേയ്മെന്റ് മാത്രമേ അനുവദിക്കൂ. സീനിയർ സിറ്റിസൺസിനും കുട്ടികളോടൊപ്പമുള്ളവർക്കും താഴത്തെ ബെർത്ത് അലോട്ട് ചെയ്യാൻ ശ്രമിക്കും.

dot image
To advertise here,contact us
dot image