

മുംബൈ: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രകയിൽ ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ എഐ ഉപയോഗിക്കുമെന്ന വാഗ്ദാനവുമായി മഹായുതി സഖ്യം. ഇതിനായി ഐഐടിയുടെ സഹായത്തോടെ ഒരു ടൂൾ നിർമിക്കുമെന്നും ബംഗ്ലാദേശി, റോഹിങ്ക്യൻ കുടിയേറ്റക്കാരില്ലാതെ മുംബൈ സൃഷ്ടിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അഴിമതി ഇല്ലാതാക്കാനും എഐ ഉപയോഗിക്കുമെന്ന് മഹായുതി സഖ്യത്തിൻ്റെ പ്രകടനപത്രികയിൽ പറയുന്നുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ ജാപ്പനീസ് ടെക്നോളജി ഉപയോഗിക്കും. മുനിസിപ്പൽ സേവനങ്ങൾ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ എത്തിക്കുമെന്നും മുംബൈയെ ആഗോള ശക്തികേന്ദ്രമായി മാറ്റുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. ബിഇഎസ്ടി ബസുകളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം നിരക്ക് ഇളവും സഖ്യം വാഗ്ദാനം ചെയ്യുന്നുണ്ട്.
'വെള്ളക്കെട്ട് രഹിത മുംബൈ' എന്നതാണ് പ്രകടനപത്രിക മുന്നോട്ടുവെക്കുന്ന മറ്റൊരു വാഗ്ദാനം.
അഴുക്കുചാലുകളെ സംബന്ധിച്ചുള്ള വികസനപ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഐഐടി സംഘം നഗരത്തിന്റെ ഭൂമിശാസ്ത്രം പഠിക്കും. പുതിയ ഭൂഗർഭ ടാങ്കുകൾ നിർമിക്കുമെന്നും നിലവിലെ ഡ്രെയിനേജ് സംവിധാനത്തെ പുതുക്കിപ്പണിയുമെന്നും വാഗ്ദാനത്തിലുണ്ട്. കാലാവസ്ഥ കർമ പദ്ധതിക്കായി 17,000 കോടി രൂപ വകയിരുത്തുമെന്നും സഖ്യം പറയുന്നു.
മുംബൈയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയും ആശങ്കയോടെയും നോക്കിക്കാണുന്ന ധാരാവി വികസന പദ്ധതിയെപ്പറ്റിയും പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ ഫഡ്‌നാവിസ് സംസാരിച്ചു. ചെറുകിട കച്ചവടക്കാരെ വേണ്ട വിധം പരിഗണിക്കുമെന്നും അർഹതപ്പെട്ട ആരും പിന്തള്ളപ്പെടില്ല എന്നുമാണ് ഫഡ്‌നാവിസ് പറഞ്ഞത്. പിന്നാലെ സംസാരിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ നടത്തി ഭാഷയെ സംരക്ഷിക്കുമെന്നും, ഭാഷയും സംസ്കാരവും മറ്റും സംരക്ഷിക്കാനായി ഒരു പ്രത്യേക വകുപ്പ് തന്നെ കോർപ്പറേഷനിൽ സ്ഥാപിക്കുമെന്നും ഉറപ്പ് നൽകി. മറാത്തി വായനശാലകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ നിർമിക്കുമെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.
Content Highlights: In its manifesto, the Mahayuti alliance has promised to use artificial intelligence to identify and deport Bangladeshi immigrants