

ശൈത്യകാലം ആരംഭിച്ചതോടെ ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഈ സീസണില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയ രാജ്യവും ഖത്തര്‍ തന്നെയാണ്. വൈവിധ്യമാര്‍ന്ന സൗകര്യങ്ങള്‍, മികച്ച സേവനങ്ങള്‍, സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം എന്നിവ പ്രധാനം ചെയ്യുന്നതിലൂടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് ഖത്തര്‍.
ശൈത്യകാലം ആരംഭിച്ചതുമുതല്‍ ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ഇതില്‍ ഭൂരിഭാഗവും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന വിനോദ, സാംസ്‌കാരിക, കായിക ഓപ്ഷനുകള്‍ രാജ്യത്ത് ലഭ്യമാണ്. ദോഹയിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബ സൗഹൃദ വേദികളായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, സൂഖ് വാഖിഫ്, നാഷണല്‍ മ്യൂസിയം, ആസ്പയര്‍ പാര്‍ക്ക് എന്നിവിടങ്ങളെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മുഷൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ, ദി പേള്‍ ഐലന്‍ഡ്, ദോഹ കോര്‍ണിഷ് തുടങ്ങി വേറെയുമുണ്ട് നിരവധി ആകര്‍ഷണങ്ങള്‍. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ക്കൊപ്പം സുഖകരമായ അന്തരീക്ഷവും ഈ പ്രദേശങ്ങള്‍ പ്രധാനം ചെയ്യുന്നു. പുതുവര്‍ഷം പിറന്നതോടെ സാംസ്‌കാരിക ഉത്സവങ്ങള്‍, കലാപരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവയുടെ പ്രധാന വേദിയായും ഖത്തര്‍ മാറിക്കഴിഞ്ഞു. ഇതിന് പുറമെ ആഗോള ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന പ്രധാന കായിക ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനും രാജ്യം തയ്യാറെടുക്കുകയാണ്.
പരമ്പരാഗത പൈതൃക ഘടകങ്ങള്‍ സമകാലിക ഡിസൈനുകളുമായി ഇഴചേര്‍ത്ത് ആധികാരികതയും ആധുനികതയും സമന്വയിപ്പിക്കുന്ന ഒരു ടൂറിസം മാതൃക അവതരിപ്പിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചു എന്നാണ് സഞ്ചാരികളുടെ എണ്ണത്തിലെ ഈ വര്‍ധന സൂചിപ്പിക്കുന്നത്.
Content Highlights: Qatar has seen an increase in tourist arrivals, particularly during the winter season. The country has become a popular destination among GCC nations, attracting large numbers of visitors seeking leisure and travel experiences during the cooler months.