

ലഖ്‌നൗ: അയോധ്യ ക്ഷേത്രപരിസരത്തും 'പാഞ്ച്‌കോസി പരിക്രമ' യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ 'ശുദ്ധി' ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം. കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്. നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കടകളിലും ഹോട്ടലുകളിലും മാംസാഹാരം വില്‍ക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. വിദേശികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ഓണ്‍ലൈന്‍ വഴി പ്രദേശത്തേക്ക് മാംസാഹാരം എത്തിക്കുന്നുവെന്നാണ് പരാതി. ഇത് തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രദേശവാസികള്‍ അവകാശപ്പെട്ടതോടെയാണ് വിലക്ക് പൂര്‍ണ്ണമാക്കിയത്. നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.
സമാനമായ തീരുമാനം നേരത്തെ പഞ്ചാബും പ്രഖ്യാപിച്ചിരുന്നു. സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നു. സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പൂര്‍ണ്ണമായും 'പുണ്യനഗരി'യായി പ്രഖ്യാപിച്ച് ഇറച്ചിയും മീനും മദ്യവും ഉള്‍പ്പെടെ നിരോധിച്ചാണ് ഉത്തരവ്. മദ്യം, ഇറച്ചി, മീന്‍, പുകയില, മറ്റുലഹരി വസ്തുക്കള്‍ എന്നിവയ്ക്കാണ് വിലക്ക്.
Content Highlights: UP bans non-veg food along Ayodhya Dham and Panchkosi Parikrama routes