

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ കോടതിയിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടും ചിത്രത്തിനെതിരെ അപ്പീലുമായി പോകുകയാണ് സെൻസർ ബോർഡ്. ഇപ്പോഴിതാ വിജയ്‌യുടെ ജനനായകന് പരോക്ഷ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എത്തുകയാണ്. സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു എന്നാണ് എക്‌സിൽ അദ്ദേഹം കുറിച്ചത്. വിജയ്‌യുടേയോ ജനനായകന്റെയോ പേര് പരാമർശിക്കാതെയായിരുന്നു ട്വീറ്റ് അദ്ദേഹം പങ്കുവെച്ചിരുന്നത്.
'സിബിഐയേയും ഇഡിയേയും ഇൻകം ടാക്‌സിനേയും പോലെ, ബിജെപിയുടെ കേന്ദ്ര സർക്കാർ ഇപ്പോൾ സെൻസർ ബോർഡിനേയും പുതിയ ആയുധമാക്കിയിരിക്കുകയാണ്. ശക്തമായി അപലപിക്കുന്നു.' -ഇതായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. തമിഴിലാണ് എം കെ സ്റ്റാലിൻ ഇക്കാര്യം എക്സിൽ കുറിച്ചത്. എന്നാൽ രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വിജയ് പ്രധാനമായി ഉന്നം വെക്കുന്നത് ഡിഎംകെയെയും സ്റ്റാലിനെയുമാണ്. തന്റെ ഓരോ പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ സംസാരിക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ട്വീറ്റിന് രാഷ്ട്രീയ പ്രാധാന്യമേറുന്നത്.
#CBI, #ED, #IT வரிசையில் சென்சார் போர்டும் ஒன்றிய பா.ஜ.க. அரசின் புதிய ஆயுதமாக மாறியுள்ளது. கடுமையான கண்டனங்கள்!#CBFC
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) January 9, 2026
ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാണ് ഇനി കേസ് പരിഗണിക്കുക എന്നതിനാൽ ജനനായകൻ പൊങ്കൽ റിലീസായി എത്തില്ലെന്ന് ഇതോടെ ഉറപ്പായി. ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
റിലീസ് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
Content Highlights: Tamil Nadu Chief Minister MK Stalin has expressed support for actor Vijay’s upcoming film Jananayakan.