കുടുംബസ്വത്ത് വിൽക്കുന്നതിനെ ചൊല്ലി തർക്കം; ജ്യേഷ്ഠന്‍റെ വീടിന് തീയിടാനുള്ള ശ്രമത്തിനിടെ അനുജന് പൊള്ളലേറ്റു

ചിട്ടി ബിസിനസിലെ നഷ്ടത്തെ തുടർന്ന് ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു

കുടുംബസ്വത്ത് വിൽക്കുന്നതിനെ ചൊല്ലി തർക്കം; ജ്യേഷ്ഠന്‍റെ വീടിന് തീയിടാനുള്ള ശ്രമത്തിനിടെ അനുജന് പൊള്ളലേറ്റു
dot image

ബെംഗളൂരു: കർണാടകയിലെ ഗോവിന്ദപുരയിൽ കുടുംബസ്വത്ത് വിൽക്കുന്നതിനെ ചൊല്ലി സഹോദരന്മാർക്കിടയിലുണ്ടായ തർക്കം കലാശിച്ചത് ദുരന്തത്തിൽ. തർക്കത്തിന് പിന്നാലെ ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിച്ച അനുജന്റെ ദേഹത്തേക്ക് തീ ആളിപ്പടർന്നു. സാരമായി പൊള്ളലേറ്റ മുനിരാജ് ഹോസ്‌കോട്ടെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ എട്ട് വർഷമായി ചിട്ടി ബിസിനസ് നടത്തി വരുന്ന മുനിരാജിന് അടുത്തിടെ അതിൽ നഷ്ടം വന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആളുകൾ പണം ചോദിച്ച് സമീപിക്കാൻ തുടങ്ങി. ഇതിനെ മറികടക്കാൻ കുടുംബ സ്വത്ത് വിൽക്കണമെന്ന് ജ്യേഷ്ഠനായ രാമകൃഷ്ണയെ മുനിരാജ് അറിയിച്ചു. എന്നാൽ മുനിരാജിന്റൈ ആവശ്യം അംഗീകരിക്കാൻ രാമകൃഷ്ണ തയ്യാറായില്ല. ഇതോടെ ഇരുവരും വാക്കേറ്റത്തിലായി.

തർക്കത്തിന് പിന്നാലെ ദേഷ്യംപൂണ്ട മുനിരാജ് ജ്യേഷ്ഠന്റെ വീട് കത്തിക്കാനായി പെട്രോളുമായെത്തി. വീട് പുറത്തുനിന്ന് പൂട്ടിയ മുനിരാജ് വീടിന് ചുറ്റും പെട്രോൾ ഒഴിച്ചു. ഇതിനിടെ മുനിരാജിന്റെ ദേഹത്തും പെട്രോൾ തെറിച്ചിരുന്നു. വീടിന് തീ കൊളുത്തിയതോടെ തീ മുനിരാജിന്റെ ദേഹത്തേക്കും ആളിപ്പടർന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് മുനിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights : clash on property sale; bengaluru man goes to set brother's house on fire, ends up getting tragedy

dot image
To advertise here,contact us
dot image