മുൻ ബിജെപി നേതാവിന്‍റെ മകൻ പ്രതിയായ 19കാരിയുടെ കൊലപാതകം; 'വിഐപി' ബന്ധമെന്ന് ആരോപണം, അന്വേഷണത്തിന് CBI

അങ്കിതയുടെ മരണത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപണം

മുൻ ബിജെപി നേതാവിന്‍റെ മകൻ പ്രതിയായ 19കാരിയുടെ കൊലപാതകം; 'വിഐപി' ബന്ധമെന്ന് ആരോപണം, അന്വേഷണത്തിന് CBI
dot image

ഡെറാഡൂൺ: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരി അങ്കിത ഭണ്ഡാരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. അങ്കിതയുടെ മാതാപിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി. സംഭവത്തിൽ ഉന്നതരായ വ്യക്തികളുടെ ബന്ധം ആരോപിച്ച് വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

ഋഷികേശിന് സമീപത്തെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്തംബറിലാണ് കാണാതായത്. ആറ് ദിവസത്തിന് ശേഷം അങ്കിതയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ കേസ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. പുൽകിതും പ്രതികളും ചേർന്ന് പെൺകുട്ടിയെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നായിരുന്നു കണ്ടെത്തൽ. 2025 മെയിൽ കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട് വാർ അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

സംഭവം നടന്നതിന് പിന്നാലെ ജനക്കൂട്ടം റിസോർട്ട് തകർത്ത് തീയിടുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പുഷ്‌കർ സിങ് ധാമിയുടെ നിർദേശ പ്രകാരം ഈ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്നതിന് പിന്നാലെ അങ്കിത കൊല്ലപ്പെട്ട ദിവസം റിസോർട്ടിൽ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന അവകാശവാദങ്ങൾ ഉയർന്നു. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു എസ്‌ഐടി വ്യക്തമാക്കിയത്.

അന്ന് റിസോർട്ടിലുണ്ടായിരുന്ന വിഐപി മുതിർന്ന നേതാവും ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ആണെന്ന ആരോപണവുമായി നടിയും മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോഡിന്റെ ഭാര്യയുമായ ഊർമിള സനവർ രംഗത്ത് വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ദുഷ്യന്ത് ഗൗതമിന് അങ്കിതയുടെ മരണത്തിൽ പങ്കുണ്ടെന്നും ഇക്കാര്യം ശരിവെക്കുന്നതരത്തിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും കഴിഞ്ഞ മാസം ഊർമിള പുറത്തുവിട്ടിരുന്നു.

ഇതോടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മുൻ എസ് സി മോർച്ച പ്രസിഡന്റുകൂടിയായ ദുഷ്യന്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഊർമിള സനവർ, സുരേഷ് റാത്തോഡ് എന്നിവർക്ക് പുറമെ വിഷയം ഏറ്റെടുത്ത പ്രതിപക്ഷ പാർട്ടികൾക്കുമെതിരെയാണ് ദുഷ്യന്ത് പരാതി നൽകിയത്. കേസുമായി ദുഷ്യന്തിനെ ബന്ധിപ്പിക്കുന്ന വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും പിൻവലിക്കണമെന്ന് കോൺഗ്രസിനോടും ആംആദ്മി പാർട്ടിയോടും കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ഊർമിളയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

വിഷയം രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തതോടെ എസ്‌ഐടി അന്വേഷണത്തിൽ പോരായ്മകളുണ്ടെന്നും തെളിവുകൾ നശിപ്പിക്കാനാണ് റിസോർട്ട് പെളിച്ചുമാറ്റിയതെന്ന് അടക്കമുള്ള ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

Content Highlights : Ankita Bhandari Murder case; Uttarakhand chief minister pushkar singh dhami approved CBI investigation

dot image
To advertise here,contact us
dot image