

തിരുവല്ല: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനയും ഉപയോഗവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രഭവ കേന്ദ്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ കാഷ്ഠം, ഇറച്ചി, മുട്ട എന്നിവയുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റേതാണ് ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും തിരുവല്ല തഹസില്‍ദാര്‍ നിരോധനം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിരോധിത മേഖലയില്‍ നിരോധിത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങള്‍ വില്‍പന നടത്തുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight; Sale and use of eggs, meat, and droppings of domesticated birds banned