'കൽക്കരി കുംഭകോണത്തിൽ ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെൻഡ്രൈവുണ്ട്, പുറത്തുവിടും'; ഭീഷണിയുമായി മമത ബാനർജി

ഐ-പാക് ഓഫീസിലെ ഇ ഡി റെയ്ഡിന് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം

'കൽക്കരി കുംഭകോണത്തിൽ ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെൻഡ്രൈവുണ്ട്, പുറത്തുവിടും'; ഭീഷണിയുമായി മമത ബാനർജി
dot image

കൊല്‍ക്കത്ത: ഒരു പരിധിക്കപ്പുറം തന്നെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കിയാല്‍ കല്‍ക്കരി കുംഭകോണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെന്‍ഡ്രൈവ് പുറത്തുവിടുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഐ-പാക് ഓഫീസിലെ ഇ ഡി റെയ്ഡിന് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

അമിതാ ഷായുടെ പങ്ക് വ്യക്തമാക്കുന്ന പെന്‍ഡ്രൈവുകള്‍ തന്റെ കൈവശമുണ്ടെന്നും താന്‍ ഇരിക്കുന്ന കസേരയോടുള്ള ബഹുമാനം കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു. രാജ്യം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുമെന്നും മമത വ്യക്തമാക്കി. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും മമത പറഞ്ഞു. അതിനായി അവര്‍ എന്ത് മാര്‍ഗവും ഉപയോഗിക്കും. തൃണമൂൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചോര്‍ത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്നും മമത ബാനർജി ആരോപിച്ചു. ഇ ഡി റെയ്ഡില്‍ പ്രതിഷേധിച്ച് നടത്തിയ റാലിയില്‍ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ എന്നാണ് ഇ ഡിയുടെ വാദം. കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം ഐ-പാകിലേക്ക് മാറ്റിയെന്നും ഇ ഡി പറയുന്നു. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് തടഞ്ഞുവെന്ന് ആരോപിച്ച് ഇ ഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മമതക്കെതിരെ ബിജെപിയും രംഗത്തുവന്നിരുന്നു. ഇ ഡിയുടെ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടസപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാവ് പറഞ്ഞത്. ഇ ഡി റെയ്ഡ് ചെയ്ത രണ്ടു സ്ഥലങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തിയത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. പശ്ചിമ ബംഗാളില്‍ ഒന്നും ഒളിച്ചുവെയ്ക്കാനില്ലെങ്കില്‍, ഒരു മുഖ്യമന്ത്രി ഔദ്യോഗിക അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നും ബിജെപി നേതാവ് ചോദിച്ചിരുന്നു.

മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇ ഡി റെയ്ഡ് നടത്തിയത്.

Content Highlight; Mamata Says She Has Pen Drives on Amit Shah, Threatens to Reveal Coal Scam Proof

dot image
To advertise here,contact us
dot image