

തന്റെ കുട്ടിക്കാലത്തെ ഒരു ഭയാനകരമായ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ബാറ്ററും 2025 ലെ വനിതാ ലോകകപ്പ് ജേതാവുമായ ജെമീമ റോഡ്രിഗസ്. പള്ളിയിലെ പരിപാടിക്ക് വേണ്ടി പങ്കെടുക്കവേ ഒന്നാം നിലയിൽ നിന്ന് വീണുവെന്നും ഭാഗ്യവശാൽ വലിയ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടെന്നുമാണ് ജെമീമ പറഞ്ഞത്. എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് കളിക്കുന്നതിനിടെ മരണത്തെ മുഖാമുഖം കണ്ട സംഭവമുണ്ടായതെന്നും ജെമീമ തുറന്നുപറഞ്ഞു.
'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്' എന്ന പരിപാടിയിൽ സംസാരിക്കവേയാണ് ജെമീമ കുട്ടിക്കാലത്തെ സംഭവം വിവരിച്ചത്. 'ഒരിക്കൽ പള്ളിയിലെ ഒരു പരിപാടിക്ക് വേണ്ടി ഞങ്ങൾ ഒരു ഓഡിറ്റോറിയത്തിലായിരുന്നു. എല്ലാ കുട്ടികളും പുറത്തായിരുന്നു. ഞങ്ങൾ അവിടെ ചെരുപ്പ് എറിഞ്ഞുകൊണ്ട് കളിക്കുകയായിരുന്നു. എനിക്ക് അന്ന് എട്ടോ പത്തോ വയസ്സായിരുന്നു', ജെമീമ പറഞ്ഞു.
'എന്റെ കസിൻ റേച്ചൽ അവളുടെ ക്രോക്ക്സ് എറിഞ്ഞതും അത് മുകളിലേക്ക് പോയി. അത് ചാടിയെടുക്കണമായിരുന്നു. ഞാൻ ഒരു വലിയ ഹീറോയെ പോലെ 'കൂട്ടുകാരെ, ഞാൻ പോകാം' എന്ന് പറഞ്ഞു. അവിടെ ഒരു പെട്ടിയിൽ ചവിട്ടിക്കയറാൻ ഞാൻ ശ്രമിച്ചു. എന്നാൽ ചവിട്ടിയതും ഞാന്‍ വീണുപോയി. ഒന്നാം നിലയിൽനിന്നാണ് ഞാൻ വീണത്. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. ഭാഗ്യത്തിന് എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല. പക്ഷേ എന്റെ കസിൻസ് കരുതിയത് ഞാൻ മരിച്ചുപോയെന്നാണ്. അത്രയ്ക്കായിരുന്നു ആ വീഴ്ച', ജെമീമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിയായിരുന്നു. 127 റൺസ് നേടിയാണ് ജെമീമ ഇന്ത്യയുടെ വിജയശിൽപ്പിയായത്. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് 25 വയസ്സുകാരിയായ താരം. ഇന്ത്യയ്ക്ക് വേണ്ടി 115 ട്വന്റി20യും 59 ഏകദിന മത്സരങ്ങളും മൂന്നു ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് ജെമീമ.
Content Highlights: "Cousins Thought I Died": Women's World Cup 2025 Hero Jemimah Rodrigues Reveals childhood Experience