

ന്യൂഡൽഹി: ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കളിക്കാരെ ലക്ഷ്യംവെക്കുന്നത് അന്യായമാണ്. അത് ലോകകപ്പിനെ ബാധിക്കുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
'ക്രിക്കറ്റ് കളിക്കാരുമായല്ല, ബംഗ്ലാദേശ് സർക്കാരുമായി ഏറ്റുമുട്ടിക്കോളൂ, ആ കളിക്കാരൻ ചെയ്ത തെറ്റ് എന്താണ്? അയാളെ നീക്കം ചെയ്യുന്നതിലൂടെ ബംഗ്ലാദേശിലെ സ്ഥിതി മെച്ചപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.
ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം മികച്ചതായിരുന്നുവെന്ന് ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. 'ബംഗ്ലാദേശ് എന്ത് ദ്രോഹമാണ് നമ്മോട് ചെയ്തിട്ടുള്ളത് ? നമ്മളും ബംഗ്ലാദേശുമായുള്ള ബന്ധം മികച്ചതായിരുന്നു. നമ്മുടെ നാട്ടിൽ ബംഗ്ലാദേശ് തീവ്രവാദം പ്രചരിപ്പിക്കുന്നില്ല' ഒമർ അബ്ദുള്ള പ്രതികരിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരെ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്സിന് നിർദേശം നൽകിയത്. ഇതിൽ വ്യാപക വിമർശനം ഉയരുകയാണ്. വിഷയം രാഷ്ട്രീയ പ്രതികരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
മുസ്തഫിസുറിനെ ഐപിഎല്ലിൽ നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം ബിസിസിഐ പുനഃപരിശോധിക്കണമെന്ന് ജെഡിയുവിലെ മുതിർന്ന നേതാവായ കെ സി ത്യാഗി ആവശ്യപ്പെട്ടിരുന്നു. ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായിട്ടും ഒരു ഹിന്ദുവിനെ അവരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന്റെ ഭാഗമായ ത്യാഗി പറഞ്ഞിരുന്നു.
'കായിക രംഗത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് പാകിസ്താനും ബംഗ്ലാദേശുമായുള്ള ബന്ധം കുറച്ച് പ്രശ്‌നമാണ്. അതിർത്തിയിലെ ഭീകരപ്രവർത്തനത്തിൽ പാകിസ്താൻ കുറ്റക്കാരാണ്. അതുപോലെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ സംഭവങ്ങളിൽ ഇന്ത്യൻ സമൂഹം രോഷാകുലരാണ്. ഇത് കായിക രംഗത്തെയും ബാധിക്കുന്നു'വെന്നും ത്യാഗി പറഞ്ഞിരുന്നു.
Content Highlights: fight bangladesh government not cricketer jammu and kashmir chief minister Omar Abdullah criticised the BCCI for directing to remove bangladeshi cricketer Mustafizur Rehman