കർണാടകയിലെ ജനങ്ങൾക്ക് വോട്ടിങ് മെഷീനുകളിൽ വിശ്വാസമെന്ന് സർക്കാർ സർവേ; കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായിരുന്നുവെന്നും ഭൂരിപക്ഷ അഭിപ്രായം

കർണാടകയിലെ ജനങ്ങൾക്ക് വോട്ടിങ് മെഷീനുകളിൽ വിശ്വാസമെന്ന് സർക്കാർ സർവേ; കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി
dot image

ബെംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വോട്ടർമാർക്ക് വിശ്വാസമെന്ന് കർണാടക സർക്കാരിന്‍റെ സർവേ. കർണാടക മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ അതോറിറ്റി നടത്തിയ നോളേജ് ആറ്റിറ്റിയൂഡ് പ്രാക്ടീസ് സർവേയിലാണ് മെഷീനിൽ വിശ്വാസം എന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടത്. വോട്ടിങ് മെഷീനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് സർവേ നടത്തിയത്. 5,100 പേരിൽ നടത്തിയ സർവേയിൽ 86.61ശതമാനം പേരും വോട്ടിങ് മെഷീനുകളിൽ വിശ്വാസമാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. 69.39 ശതമാനം പേരും വോട്ടിങ് മെഷീനുകൾ കൃത്യമായ ഫലം നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു 14.22 ശതമാനം പേരാണ് ഫലത്തിൽ പൂർണ വിശ്വാസം എന്ന് അഭിപ്രായപ്പെട്ടത്. കർണാടകയിലെ ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ ഡിവിഷനുകളിലെ 102 നിയമസഭാ മണ്ഡലങ്ങളിലാണ് സർവേ നടന്നത്. കർണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വി അൻപുകുമാറിന്റെ നേതൃത്വത്തിലായിരുന്നു സർവേ നടന്നത്..

സർവേ എടുത്തുകാട്ടി രാഹുലിനെതിരെ ബിജെപി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി നിരന്തരം രാജ്യം മുഴുവൻ സഞ്ചരിച്ച് ജനാധിപത്യം അപകടത്തിലാണെന്ന് പറയുമ്പോൾ കർണാടക പറയുന്നത് മറ്റൊരു കഥയാണ് എന്നായിരുന്നു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആർ അശോക് പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്കാകെ ഇവിഎമ്മുകളിൽ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമല്ല സർവേ നടത്തിയതെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സർവേ നടത്തിയതെന്നുമായിരുന്നു കർണാടക ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖർഗെയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത് പ്രവർത്തിക്കുന്ന ഒരാളാണ് ഈ സർവേ നടത്തിയതെന്നും പ്രതികരണം തേടിയ ആളുകളുടെ എണ്ണം വളരെ പരിമിതമായിരുന്നുവെന്നും പ്രിയങ്ക് ഖർഗെ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങളുടെ പ്രഭവകേന്ദ്രം കർണാടകയായിരുന്നു. കർണാടകയിലെ മഹാദേവ്പുര മണ്ഡലത്തിൽ വ്യാപകമായി വോട്ടുകൾ ചേർത്ത് കൃത്രിമം നടത്തിയെന്നും ഒരു വിലാസത്തിൽ തന്നെ നിരവധി പേരെ ചേർത്തുവെന്നും രാഹുൽ ആരോപിച്ചിരുന്നു. പിന്നാലെ ആലന്ദ് മണ്ഡലത്തിലും രാഹുൽ വോട്ട് ചോരി ആരോപിച്ചിരുന്നു.

ആലന്ദ് മണ്ഡലത്തിലെ വോട്ട് ചോരി പ്രത്യേക അന്വേഷണ സംഘത്തെ വെച്ചാണ് കർണാടക സർക്കാർ അന്വേഷിച്ചത്. പിന്നാലെ പശ്ചിമബംഗാളിലെ നദിയ സ്വദേശിയായ ബാപി ആദ്യയയെ സിഐഡി അറസ്റ്റ് ചെയ്തതിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാട് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏകദേശം 7000 വോട്ട് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥന വന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതില്‍ പലതും കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തടയുകയായിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് വോട്ട് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനയില്‍ മന്ത്രി പ്രിയങ്ക് ഖര്‍ഗെ പരാതി നല്‍കുകയായിരുന്നു.

Content Highlights: Karnataka vote chori; people trusts voting machine, says survey, bjp against congress

dot image
To advertise here,contact us
dot image