

ലാലേട്ടൻ്റെ അമ്മ പോയെന്ന് കേട്ടപ്പോൾ പെട്ടന്നോർത്തത് ആനിയേയും മോനെയും അസൂയയോടെ നോക്കി ദശരഥത്തിലെ നായകൻ ചോദിക്കുന്ന ചോദ്യമാണ്. ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാൻ പറ്റുമോ എന്ന ചോദ്യം. പക്ഷേ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത് മാഗി മാത്രമായിരുന്നില്ല. സ്വന്തം മകനെ സ്നേഹിക്കുന്ന പോലെ ലാലിനെ സ്നേഹിച്ച അമ്മമാരിലുണ്ട് എന്റമ്മയൊക്കെ. പെണ്ണുങ്ങളായ പെണ്ണുങ്ങളുടെ മുഴുവൻ കാമുകനായ മോഹൻലാലിനെ മാത്രമേ നാം പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളൂ. അമ്മമാരായ അമ്മമാരുടെ മുഴുവൻ ലാലു അപ്പുറത്തുണ്ട്. അമ്മ മഴക്കാറിന് കൺ നിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു എന്ന് പാടുന്നത് അയാളാണ്.
സ്ത്രീയാണ് കൂടുതൽ വലിയ മനുഷ്യൻ എന്ന് സമുദ്രശിലയിൽ സുഭാഷ് ചന്ദ്രനെഴുതിയിട്ടുണ്ട്. അമ്മയാണ് കൂടുതൽ വലിയ മനുഷ്യൻ എന്ന് തിരശ്ശീലയിൽ മോഹൻലാലും. അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ എന്നലറുന്ന കിരീടത്തിലെ അച്ഛനെക്കുറിച്ച് ഞാനൊരിക്കലെഴുതിയിട്ടുണ്ട്, അമ്മയായിരുന്നെങ്കിൽ ഇത്രയുച്ചത്തിൽ അവർക്കലറേണ്ടി വരുമായിരുന്നില്ല എന്ന്. തള്ളേ എന്ന് വിളിക്കുന്ന പൊലീസുകാരനെക്കൊണ്ട് അമ്മേ എന്നു വിളിപ്പിക്കുന്ന ബാബ കല്യാണിയിലെ തമാശ രംഗം ഞാനിടയ്ക്കിടെ കാണും. ലാൽപ്പടങ്ങളിൽ പലയിടത്തായി ചിതറിക്കിടപ്പുണ്ട് ആ തിരുത്ത്.
തിക്കുറിശ്ശി തൊട്ട്, നസീറ് തൊട്ട്, സത്യൻ മാഷും ജയനും തൊട്ട്, സുകുമാരനും റഹ്മാനും ശങ്കറും മമ്മൂട്ടിയും തൊട്ടിന്നോളമുള്ള മലയാളിയുടെ നായകന്മാരെയും അവരുടെ അമ്മ ക്യാരക്ടറുകളെയും മുഴുവൻ ഇപ്പുറത്തെടുത്ത് തൂക്കിയാലും മേലെ നിൽക്കും ലാലും അമ്മമാരും ചേരുന്ന എതിരറ്റത്തെ പാരസ്പര്യത്തിൻ്റെ തട്ട്. എന്തുകൊണ്ടാവും മോഹൻലാലിന് മാത്രം ഇങ്ങനെ കൊതിപ്പിക്കുന്ന അമ്മമാർ എന്നാലോചിച്ചിട്ടുണ്ടോ ? അതാണ് മലയാള സിനിമയ്ക്കുള്ള ശാന്തകുമാരിയമ്മയുടെ സംഭാവന. അമ്മയും ലാലുവുമായി അവർ ജീവിച്ചതിൻ്റെ നീട്ടിയെഴുത്താണ് നാം പിൽക്കാലം ലാൽപ്പടങ്ങളിൽക്കണ്ടത്. മടങ്ങുന്നത് അങ്ങനൊരമ്മയാണ്.

അമ്മ പോയെന്നറിയുന്ന വീട്ടിലേക്ക് തകർന്നു കയറി വരുന്ന മോഹൻലാലിനെ എത്ര വട്ടം കണ്ടിരിക്കുന്നു. പ്രിയപ്പെട്ട ഒരുപാടമ്മമാർ അങ്ങനെ കടന്നുപോയില്ലേ ലാലേട്ടാ. ഇന്നു പോയത് ആദ്യത്തെ അമ്മയാണ്. താൻ സ്നേഹിച്ച പോലെ തൻ്റെ മകനെ ആയിരങ്ങൾ സ്നേഹിക്കുന്നത് കണ്ട് മടങ്ങാൻ ഭാഗ്യമുണ്ടായ അമ്മ. തളർന്ന് പോകരുത്. ഒരുപാട് കുസൃതികളും കുറുമ്പുകളുമായി ലാലു വരുന്നതും കാത്ത് ഒരുപാടമ്മമാരിരിക്കുന്നുണ്ട്. എളുപ്പം തിരിച്ചു വരൂ.
Content Highlights: Lijeesh Kumar about Mohanlal's mother