

തിരുവനന്തപുരം: റിപ്പോർട്ടർ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. വെള്ളാപ്പള്ളി സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുന്നുവെന്ന് കെയുഡബ്ല്യുജെ അഭിപ്രായപ്പെട്ടു. വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.
ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. അദ്ദേഹത്തെ തിരുത്തിക്കാൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ എസ്എൻഡിപി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്തുവരേണ്ടതുണ്ട്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്ന വിധത്തിലുള്ള നിരന്തര പെരുമാറ്റം ജനാധിപത്യത്തിലും സൗഹൃദ സമൂഹത്തിലും വിശ്വസിക്കുന്ന കേരള ജനത അവജ്ഞാപൂർവം തള്ളിക്കളയേണ്ടതുണ്ട്. വിശ്വ മാനവികതയുടെ പ്രവാചകൻ ആയിരുന്ന ശ്രീ നാരായണ ഗുരുവിൽ അൽപമെങ്കിലും വിശ്വാസം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതിന് കടകവിരുദ്ധമായ വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ അടക്കം എല്ലാവരും തങ്ങൾ പറയുന്നത് കണ്ണും പൂട്ടി കേട്ടു മടങ്ങണമെന്ന് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ധരിച്ചുവശാകുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ജനങ്ങൾക്കു വേണ്ടിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്നു കരുതുന്നതു മൗഡ്യമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
കഴിഞ്ഞ ദിവസം മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടറിന്റെ മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം റഹീസ് ചോദിച്ച ചോദ്യത്തില്‍ പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അധിക്ഷേപം.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തെങ്കിലും പറഞ്ഞതിൽ ഉറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. റഹീസിന്റെ പേരാണോ പ്രശ്‌നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താന്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: KUWJ recats on Vellapally natesan's controversial remark about reportertv journalist