ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ ഏറ്റുമുട്ടി; കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

വാത്മീകി ജയന്തിയുടെ ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ ഏറ്റുമുട്ടി; കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
dot image

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. കോൺഗ്രസ് പ്രവർത്തകനായ രാജശേഖറാണ് മരിച്ചത്. വെടിയേറ്റാണ് മരണം എന്നാണ് റിപ്പോർട്ടുകൾ. ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കോൺഗ്രസ് എംഎൽഎ നര ഭാരത് റെഡ്ഡിയുടെയും ബിജെപി എംഎൽഎ ഗാലി ജനാർദ്ദൻ റെഡ്ഡിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. വാത്മീകി ജയന്തിയുടെ ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജനാർദ്ദന റെഡ്ഡിയുടെ അനുയായികൾ തങ്ങളുടെ നേതാവിന്റെ വസതിക്ക് മുൻപിൽ ഭാരത് റെഡ്ഡിയുടെ അനുയായികൾ സ്ഥാപിച്ച ബാനറിനെ എതിർത്തു. ഇത് വാക്കുതർക്കത്തിലേക്ക് നീളുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎമാരുടെ അനുയായികൾ കല്ലേറ് നടത്തി. ഒടുവിൽ പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു.സംഘർഷത്തിനിടയ്ക്ക് വെടിവെയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിന്റേതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ ഒരാൾ തോക്കുമായി നിൽക്കുന്നത് വ്യക്തമായിരുന്നു.

ഭാരത് റെഡ്ഡി, പിതാവ് നര സൂര്യനാരായണ റെഡ്ഡി, സഹായി സതീഷ് റെഡ്ഡി എന്നിവർ ചേർന്ന് തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നാണ് ജനാർദ്ദൻ റെഡ്ഡിയുടെ ആരോപണം. ബാനർ തർക്കത്തിന്റെ മറവിൽ തോക്കുധാരികൾ തന്റെ വീടിന് മുൻപിൽ വെടിയുതിർത്തതായും അദ്ദേഹം ആരോപിച്ചിരുന്നു. വെടിയുണ്ടകൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ജനാർദ്ദൻ റെഡ്ഡിയുടെ ആരോപണം. സംഭവത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കെതിരെയും നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: bjp congress mla supporters clash over banner at Ballari, one person died

dot image
To advertise here,contact us
dot image