

ഭോപ്പാൽ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. വെള്ളം മലിനമാണെന്ന് രണ്ട് മാസം മുൻപ് തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ പലതവണ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ അത് പരിഗണിച്ചില്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.
ഭഗീരഥപുരയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട് 23 പരാതികൾ നൽകിയതാണ്. മാസങ്ങൾക്ക് മുൻപ് തന്നെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഡിസംബർ 29 ന് ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ ഉണർന്നതെന്ന് ബന്ധുക്കൾ പറയുന്നു. മലിനജലം കുടിച്ച് രോഗബാധിതരായി ഇതുവരെ 13 പേരാണ് പ്രദേശത്ത് മരിച്ചത്. 200ലധികം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്.
ദുരന്തത്തിന് കാരണമായ കുടിവെള്ളത്തിൽ മലിനീകരണം സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. പൈപ്പ് ലൈനിലെ ചോർച്ചയാണ് കുടിവെള്ളത്തിൽ മാലിന്യം കലരാൻ കാരണമെന്നും കണ്ടെത്തി. വിഷയം കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ രൂക്ഷ വിമർശനം കോൺഗ്രസ് ഉന്നയിച്ചു. മധ്യപ്രദേശ് സർക്കാർ ജനങ്ങളെ രോഗികൾ ആക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. വകുപ്പ് മന്ത്രി കൈലാഷ് വിജയവർഗിയ രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ചികിത്സയിൽ കഴിയുന്ന ആളുകളെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി മോഹൻ യാദവ് സന്ദർശിച്ചു. ഇവരുടെ ചികിത്സാ കാര്യങ്ങൾ വിലയിരുത്തി. മെച്ചപ്പെട്ട ചികിത്സ ഇവർക്ക് ഉറപ്പാക്കുമെന്നും വിഷയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞിരുന്നു.
ഇൻഡോറിലെ ഭഗീരഥപുരയിലെ വാർഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലർന്നതിനെ തുടർന്ന് വിഷബാധയുണ്ടായത്. ദുരന്തം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ വെള്ളത്തെ സംബന്ധിച്ച് പ്രദേശവാസികളിൽ ചിലർ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഇത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതിഗതി വഷളായി. നർമദ നദിയിൽനിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബർ 28ഓടെ വാർഡിലെ 90 ശതമാനം ആളുകൾക്കും വയറിളക്കം, ഛർദ്ദി, നിർജലീകരണം തുടങ്ങിയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 29ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു.
കുടിവെള്ള പൈപ്പ് ലൈനിനു മുകളിൽ, സേഫ്റ്റി ടാങ്കില്ലാതെ നിർമ്മിച്ച ശൗചാലയത്തിൽനിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തിൽ കലർന്നതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളിൽ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം കണ്ടെത്തി.
അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും കോടതി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു
Content Highlights: indore water contamination; Serious failure on the part of the authorities, complaint was filed before but the officials did not consider it