

“സൊമാലിലാൻഡ് റിപ്പബ്ലിക്കിനെ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചതായി ഞാൻ പ്രഖ്യപിക്കുന്നു.' നാളിതുവരെയായി ലോകത്തെ 195 ൽ പരം രാജ്യങ്ങളും അംഗീകരിക്കാതിരുന്ന ആഫ്രിക്കയിലെ ഒരു അറ്റത്തു സ്ഥിതിചെയ്യുന്ന പ്രദേശം- സൊമാലിലാൻഡ് . ആ പ്രദേശത്തെ ഒരു രാജ്യമായി ആദ്യമായി അംഗീകരിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ വാക്കുകൾ ആണ് ഇത്. സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞ സൊമാലിലാൻഡ് പ്രദേശത്തെ ഇസ്രായേൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും എന്നാൽ അംഗീകാരം നിമിഷ നേരം കൊണ്ട് പ്രാദേശിക വിമർശനങ്ങളുടെ ഒരു തരംഗത്തിന് കാരണമാവുകയും ചെയ്തിരിക്കുകയാണിപ്പോൾ.
ആഫ്രിക്കയുടെ അറ്റത്ത് ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ ചേരുന്ന പ്രദേശം -ആഗോള വ്യാപാരത്തിന്റെ ഇടനാഴി എന്നും പറയപ്പെടുന്ന ആ പ്രദേശം ഇപ്പോൾ പുതിയ ജിയോപോളിറ്റിക്കൽ ചർച്ചകളുടെ ഒരു ആസ്ഥാനമാണെന്ന് തന്നെ പറയാം. അപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളും ഉണ്ട്. മറ്റാരും ഇതുവരെ അംഗീകരിക്കാത്ത സൊമാലിലാൻഡിനെ എന്തുകൊണ്ട് ഇസ്രയേൽ ആദ്യമായി ഒരു രാഷ്ട്രമായി അംഗീകരിച്ചു. അതിനു പിന്നിലുള്ള ഇസ്രയേലിന്റെ ഉദ്ദേശമെന്താണ് ? സൊമാലിലാൻഡ് എന്ന ആ പ്രദേശത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ? അറബ്, ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കാനുള്ള അടുത്ത തുറുപ്പു ചീട്ടാകുമോ ഇസ്രായേലിനു സൊമാലിലാൻഡ് ! എന്നിങ്ങനെയാണ് ചോദ്യങ്ങൾ.

എത്യോപ്യ, ജിബൂട്ടി, ഏദന്‍ കടലിടുക്ക് എന്നിവയോട് ചേര്‍ന്നുള്ള ആഫ്രിക്കയിലെ പ്രദേശമാണ് സൊമാലിലാൻഡ് . ഏകദേശം 62 ലക്ഷ്യത്തോളം ജനസംഖ്യ വരുന്ന ഇവിടം മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. പണ്ട് സൊമാലിയ എന്ന രാജ്യവും ഈ പറഞ്ഞ സോമാലിലാൻഡും രണ്ട് വ്യത്യസ്ത പ്രദേശങ്ങൾ ആയിരുന്നു. സൊമാലിലാൻഡ് ഒരു ബ്രിട്ടീഷ് കോളനിയും സൊമാലിയ ഇറ്റാലിയൻ അധികാരത്തിനു കീഴിലുമായിരുന്നു. 1960 കളിൽ ഇരു പ്രദേശങ്ങളും കൂട്ടിച്ചേർത്ത് ഒറ്റ പ്രദേശമായി സൊമാലിയ എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. പക്ഷെ ആ ഒത്തൊരുമ അധിക കാലം നീണ്ടു നിന്നില്ല, സൊമാലിയലാൻഡിലെ പ്രധാന വംശകുടുംബമായ ഇസാക്കിനെതിരെ സൊമാലിയയിലെ അന്നത്തെ ഭരണകൂടം നടപ്പിലാക്കിയ കഠിനമായ നിയമങ്ങൾ ഒത്തുപോകാൻ ആകാതെ ഇരു പ്രദേശങ്ങളും പിരിയുകയാണ് ഉണ്ടായത്. പിന്നീട് പലപ്പോഴും സംഘർഷങ്ങൾ ഉണ്ടായെങ്കിലും 1991-ൽ സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം ഔദ്യോഗിക അംഗീകാരം ലഭിക്കാത്ത സൊമാലിലാൻഡ്, ഒരു സ്വതന്ത്ര ഭരണ, രാഷ്ട്രീയ, സുരക്ഷാ സ്ഥാപനമായി പ്രവർത്തിച്ചുവരികയാണ് ഇന്നും. ലോക രാജ്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും സ്വന്തമായി പ്രസിഡന്റ്, സ്വന്തമായി കറന്‍സി, സ്വന്തമായി പാര്ലമെന്റ് എന്നിങ്ങനെ ഒരു രാജ്യനത്തിനു വേണ്ടതെല്ലാം തങ്ങൾക്കുണ്ടെന്ന് ലോകത്തെ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു സൊമാലിലാൻഡ്.
ഏകദേശം 30 വർഷത്തോളം കാലവും തങ്ങളുടെ സ്വാതന്ത്രത്തിനും സ്വന്തമായൊരു രാജ്യമെന്ന ലേബലിനും വേണ്ടി അവർ പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. എന്നാൽ അമേരിക്കയോ, യുകെയോ, യൂറോപ്യൻ രാജ്യങ്ങളോ ഇതുവരെ ആ പ്രദേശത്തെ അംഗീകരിച്ചതേ ഇല്ല. ഇസ്രയേലിന്‍റെ അഗീകാരം ലഭിച്ചതോടെ സോമാലിലാൻഡിനു കുറച്ചുധൈര്യം കൂടുതൽ കിട്ടിയെന്ന് വേണം കരുതാൻ. അതിന്റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മുൻപ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിഡിയോൺ സാറും സോമാലിലാൻഡ് പ്രസിഡന്റും പരസ്പര അംഗീകാര പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി അറിയിച്ചിരുന്നു. കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ സൊമാലിലാൻഡുമായി ഇസ്രായേൽ സഹകരണം നടത്തുമെന്നാണ് നെതന്യാഹു എടുത്തു പറഞ്ഞത്.
ഇസ്രയേലിന്റെ പ്രഖ്യപനത്തിനു ശേഷം ആഘോഷങ്ങളും ആർപ്പുവിളിയാളുമായി സൊമാലിലാന്‍ഡില്‍ ആഹ്ലാദപ്രകടനം ഉണ്ടായെങ്കിലും ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും മറ്റു അറബ്, ഇസ്‌ലാമിക രാജ്യങ്ങൾക്ക് ഇസ്രയേലിന്റെ ഈ നീക്കം അത്ര പിടിച്ചിട്ടില്ല. അതിൽ ഏറ്റവും കൂടുതൽ എതിർത്തത് സോമാലിയ തന്നെയാണ്. സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ സമ്മതിക്കാത്ത സൊമാലിയൻ സർക്കാർ ഇസ്രയേലിന്റെ നീക്കത്തെ തീർത്തും എതിർക്കുകയും സൊമാലിയയുടെ പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും ലംഘനമായി ഈ നീക്കത്തെ കാണുകയും ചെയ്യുകയാണിപ്പോൾ.

ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷി കൂടിയായ, ഇസ്രയേലിന്റെ ഏതു കാര്യത്തിലും കൂടെ നിൽക്കുന്ന യുഎസ്,അത്ര പോസിറ്റീവ് ആയിട്ടല്ല ഈ നീക്കത്തെ കണ്ടത്. ഇസ്രയേലിന്റെ ഈ നീക്കം എന്തുവേണ്ടി ആണെന്നുള്ള കാര്യവും പബ്ലിക്ആയിട്ടു തന്നെ ട്രംപ് എടുത്തു ചോദിച്ചു. കൂടാതെ, ചൈന, യൂറോപ്പ്, ആഫ്രിക്കൻ യൂണിയൻ, എന്തിനേറെ പറയുന്നു, വിമത ഗ്രൂപ്പുകളും തീവ്രവാദ സംഘടനകളും വരെ ഇസ്രയേലിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ചു. അപ്പോൾ പിന്നെ, എന്തിനു വേണ്ടി ആകും ഇസ്രായേൽ സൊമാലിലാൻഡിനെ അംഗീകരിച്ചിട്ടുണ്ടാവുക ?
അതിനു തന്ത്രപരമായ കാരണങ്ങളുണ്ട്. ഈസ്റ്റ് ആഫ്രിക്കയിലെ സ്വാധീനം വർദ്ധിപ്പിക്കാനും, പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നീങ്ങാനും, സോമാലിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ തങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യമുണ്ടാക്കാനും പുത്തൻ തീരുമാനം സഹായിക്കുമെന്നാണ് നെതന്യാഹു കരുതുന്നത്. ചെങ്കടലിന്റെയും ഏദൻ ഉൾക്കടലിന്റെയും തീരത്താണ് സൊമാലിലാൻഡ് ഉള്ളത് എന്നതുകൊണ്ട് തന്നെ ഈ മേഖലയിൽ തങ്ങളുടെ സുരക്ഷാ താൽപ്പര്യങ്ങൾ വർധിപ്പിക്കുക തന്നെയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് മനസിലാക്കാം. അങ്ങനെ തീരുമാനവുമായി മുന്നോട്ട് വന്ന ഇസ്രയേലിനെ പിന്തുണക്കാൻ എന്തെങ്കിലും ഒരു രാജ്യമെങ്കിലും ഇനി മുന്നോട്ട് വരുമോ ? അതോ ഒറ്റക്കെട്ടായി എല്ലാ രാജ്യങ്ങളും തീരുമാനം മാറ്റാൻ ഇസ്രയേലിനോട് ആവശ്യപ്പെടുമോ ? സൊമാലിയ എന്ന രാജ്യം ഇനി എടുക്കുന്ന തീരുമാനം എന്തായിരിക്കും…വഴിയേ അറിയാം…
Content Highlights : Israel recognizes Somaliland, World turns back on his decision