

കൊച്ചി: റിപ്പോർട്ടർ ടി വി മാധ്യമ പ്രവർത്തകൻ റഹീസ് റഷീദിനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ ടി സിദ്ദിഖ് എംഎൽഎ. എസ്എൻഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാർ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓർക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
റഹീസ് ചോദിച്ചത് കൃത്യമായ ചോദ്യമാണെന്നും വേദനിച്ചത് വെള്ളാപ്പള്ളിക്കും അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ട് പോകുന്നവർക്കുമാണെന്നും ടി സിദ്ദിഖ് പറഞ്ഞു. സ്വന്തം പേര് കാരണം ഒരു മാധ്യമപ്രവർത്തകന് തീവ്രവാദിവിളി കേൾക്കേണ്ടിവരുന്നത് നമ്മുടെ കേരളത്തിലാണ്. റഹീസ് അന്തസ്സായി ഒരു മാധ്യമപ്രവർത്തകന്റെ ജോലി ചെയ്തുവെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.
സ്വന്തം പേര് കാരണം ഒരു മാധ്യമപ്രവർത്തകന് പോലും തീവ്രവാദി എന്ന വിളി കേൾക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തിലാണ്. എന്താണ് റഹീസ് ചെയ്ത തെറ്റ്? അന്തസ്സായി ഒരു മാധ്യമപ്രവർത്തകന്റെ ജോലി ചെയ്തു. കഴിഞ്ഞ 9 വർഷമായി പിണറായി സർക്കാർ വെള്ളാപ്പള്ളിക്ക് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു നൽകി എന്ന ചോദ്യം ചോദിച്ചു?
ആ ചോദ്യമാണ് പ്രകോപിപ്പിച്ചത്? ആ ചോദ്യത്തിൽ ശ്രീനാരായണീയർക്ക് ആർക്കും വേദനിച്ചില്ല. കാരണം അത് കൃത്യമായ ചോദ്യമാണ്. വേദനിച്ചത് വെള്ളാപ്പള്ളിക്കാണ്. കാറിൽ കയറ്റിക്കൊണ്ട് പോകുന്നവർക്കാണ്.
ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാർ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓർക്കുക…! എസ്എൻഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണ്. അവിടെയാണ്…
റിപ്പോർട്ടർ ടി വി മാധ്യമ പ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ചാണ് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നുമായിരുന്നു അധിക്ഷേപം. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസാരിക്കേണ്ടതിന് ഒരു രീതിയുണ്ട്. പെരുമാറ്റത്തില്‍ പക്വത കാണിക്കണം. ഒന്നുമില്ലെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ അപ്പൂപ്പനാകാനുള്ള പ്രായം തനിക്കില്ലേ? ദാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. മൈക്കുമായി തന്റെ അടുത്തേയ്ക്ക് വന്നപ്പോള്‍ തട്ടിമാറ്റുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു. റിപ്പോര്‍ട്ടറിനെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. റിപ്പോര്‍ട്ടറിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. രാഷ്ട്രീയക്കാരും ചാനലുകളുമായി റിപ്പോര്‍ട്ടര്‍ ടിവി ഏറ്റുമുട്ടലിലാണെന്നും അങ്ങനെ മുട്ടാന്‍ ഇവര്‍ പൊന്നുതമ്പുരാനാണോയെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. റിപ്പോര്‍ട്ടര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ചില സത്യങ്ങളാണ് പറയുന്നത്. താന്‍ പറയുന്നത് സത്യങ്ങളാണ് എന്ന് പറയുന്നതിന് പകരം റിപ്പോര്‍ട്ടര്‍ വേട്ടയാടുകയാണ്. താന്‍ എന്താ തെറ്റ് ചെയ്തത്? താന്‍ എന്താ പറഞ്ഞത്?. മലപ്പുറത്ത് തങ്ങള്‍ക്ക് സ്‌കൂളും കോളേജുമില്ല എന്നാണ് പറഞ്ഞത്. അതില്‍ എന്തിനാണ് ഇത്ര വിഷമം എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്‌നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താന്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: T Siddique supports reporter tv reporter on vellappally controversial remarks