

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ 21 വയസ്സുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും പങ്കാളിയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കഞ്ചാവ്, എല്‍എസ്ഡി, എക്സ്റ്റസി ഗുളികകള്‍ എന്നിവയുള്‍പ്പെടെ നിരവധി മയക്കുമരുന്നുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.
ടെക്കിയായ സുസ്മിത ദേവി എന്ന ലില്ലി (21), ഉമ്മിഡി ഇമ്മാനുവല്‍ (25), ജി സായ് കുമാര്‍(28), താരക ലക്ഷ്മികാന്ത് അയ്യപ്പ(24) എന്നിവരാണ് അറസ്റ്റിലായത്. ഇവന്റ് മാനേജരായ ഇമ്മാനുവല്‍ ലില്ലിയുടെ പങ്കാളിയും ചിക്കഡ്പള്ളിയിലെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയുമാണ്. ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിംഗും ലോക്കല്‍ പൊലീസും പറയുന്നതനുസരിച്ച്, ഇരുവരും മയക്കുമരുന്ന് ശൃംഖല നടത്തിയിരുന്നതായാണ് വിവരം.
പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ 22 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ്, അഞ്ച് ഗ്രാം എംഡിഎംഎ, ആറ് എല്‍എസ്ഡി ബ്ലോട്ടുകള്‍, എക്സ്റ്റസി ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഇവയ്ക്ക് പുറമെ, 50,000 രൂപയും നാല് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ബിനാന്‍സ്, ട്രസ്റ്റ് വാലറ്റ് പോലുള്ള ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍ ഉപയോഗിച്ചിരുന്നു. ഡെലിവറി റൈഡറായ സായ്കുമാര്‍ മയക്കുമരുന്ന് വിതരണം ചെയ്യാന്‍ ഇവരെ സഹായിച്ചു. നാലാം പ്രതിയായ അയ്യപ്പ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് വിവരം.
പ്രതികളായ നാല് പേര്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: 21-year-old woman software engineer and her partner arrested in cannabis case